പുറത്താക്കിയതില്‍ പ്രതിഷേധവുമായി മനൂക്ഷ്ഭായ് വാസവ

അഹ്മദാബാദ്: മന്ത്രിസഭാ പുനസംഘടനയില്‍ തന്നെ പുറത്താക്കിയതില്‍ കടുത്ത പ്രതിഷേധവുമായി ഗോത്രവര്‍ഗ വകുപ്പ് സഹമന്ത്രിസ്ഥാനം തെറിച്ച മനൂക്ഷ്ഭായ് വാസവ രംഗത്ത്. തന്നെ തഴഞ്ഞതിന്‍െറ കാരണം അറിയില്ളെന്നും മന്ത്രിയായിരിക്കെ കടുത്ത എതിര്‍പ്പ് താന്‍ നേരിട്ടിരുന്നതായും ഗുജറാത്തിലെ പ്രമുഖ ഗോത്രനേതാവുകൂടിയായ വാസവ പറഞ്ഞു.
ഗോത്രക്ഷേമവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച പരാതികള്‍ പരിഗണിച്ചില്ളെങ്കില്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് മൂന്നു മാസം മുമ്പ് എഴുതിയ കത്തില്‍ പറഞ്ഞിരുന്നതായും വാസവ പറഞ്ഞു.
വാസവയെ പുറത്താക്കി ഗുജറാത്തിലെതന്നെ ഗോത്രനേതാവായ ജസ്വന്ത്സിന്‍ഹ ഭാഭോറിനെയാണ് പുനസംഘടനയില്‍ ഉള്‍പ്പെടുത്തിയത്.

‘എന്നെ ഒഴിവാക്കിയതിന്‍െറ കാരണം അറിയില്ല. പാര്‍ട്ടി ഉന്നതനേതൃത്വത്തില്‍നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം തേടും. ഗോത്രവര്‍ഗ വകുപ്പ് മന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനായി ആവശ്യമായതെല്ലാം ചെയ്തിരുന്നു’ -വാസവ പറഞ്ഞു. മന്ത്രാലയത്തില്‍ സുതാര്യത കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ആവശ്യമായ പിന്തുണ ലഭിച്ചില്ല. ഗുജറാത്തിലെ ഏകലവ്യ മാതൃകാ വിദ്യാലയങ്ങളുടെ നിലവാരത്തില്‍ തൃപ്തനായിരുന്നില്ല. കേന്ദ്ര സര്‍ക്കാറാണ് ഇതിന് പണം നല്‍കുന്നതെങ്കിലും നടത്തിപ്പ് സംസ്ഥാന സര്‍ക്കാറിനാണ്. സ്വന്തം സംസ്ഥാനമായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുത്തിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍, അതിന് പ്രതികരണം ലഭിച്ചില്ല. മന്ത്രാലയ സെക്രട്ടറിയായ ആര്‍.കെ. അഗര്‍വാള്‍ തന്‍െറ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിരുന്നില്ല. മന്ത്രിയെ അറിയിക്കാതെ ഉദ്യോഗസ്ഥന്‍ കുടുംബസമേതം പതിവായി വിനോദസഞ്ചാരത്തിലായിരുന്നു. അദ്ദേഹത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫിസിന് പരാതി നല്‍കിയിരുന്നതായും വാസവ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.