ന്യൂഡല്‍ഹി: മോശമായി നില്‍ക്കുന്ന ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര ബന്ധത്തില്‍ വീണ്ടുമൊരു ഉരസല്‍. കശ്മീരില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്നവിധം അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഭീകരത പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ഡല്‍ഹിയിലെ പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി ഇന്ത്യ താക്കീത് നല്‍കി.
വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് പാക് ഹൈകമീഷണറെ വിദേശകാര്യ മന്ത്രാലയത്തിന്‍െറ ഓഫിസിലേക്ക് വിളിപ്പിച്ചത്. വടക്കന്‍ കശ്മീരില്‍ ജൂലൈ 25ന് നടന്ന ഏറ്റുമുട്ടലില്‍ പാക് പൗരനും ലശ്കറെ ത്വയ്യിബ ഭീകരനുമായ ബഹാദൂര്‍ അലിയെ പിടികൂടിയ കാര്യം ഈ സന്ദര്‍ഭത്തില്‍ വിദേശകാര്യ സെക്രട്ടറി പരാമര്‍ശിച്ചു. ലശ്കറെ ത്വയ്യിബ ക്യാമ്പുകളില്‍ പരിശീലനം കിട്ടിയ ശേഷമാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് ബഹാദൂര്‍ അലി ഇന്ത്യന്‍ അധികൃതര്‍ക്ക് മുമ്പാകെ സമ്മതിച്ചിട്ടുണ്ടെന്ന് പാക് ഹൈകമീഷണര്‍ക്ക് രേഖാമൂലം നല്‍കിയ താക്കീതില്‍ ഇന്ത്യ വെളിപ്പെടുത്തി. പിടിയിലായ ഭീകരന്‍ നേരത്തേ ലശ്കര്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടെന്നും, അവിടെ നിന്നുള്ള നിര്‍ദേശ പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ഇന്ത്യ വിശദീകരിച്ചു.
കശ്മീരിന് ഇന്ത്യയില്‍ തുല്യസ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച അതേ ദിവസം തന്നെയാണ് പാക് ഹൈകമീഷണറെ ഇന്ത്യ വിളിപ്പിച്ചത്. കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നടത്തിയ പ്രസ്താവനകള്‍ ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ജൂലൈ എട്ടിന് കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയായി അദ്ദേഹം വിശേഷിപ്പിച്ചു. കശ്മീര്‍ ഒരിക്കല്‍ പാകിസ്താന്‍േറതാവുമെന്ന് പറയുകയും ചെയ്തു. സാര്‍ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്ലാമാബാദില്‍ പോയ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിന് കയ്പേറിയ സ്വീകരണം കിട്ടി ദിവസങ്ങള്‍ക്കകമാണ് പാക് ഹൈകമീഷണറെ ഇന്ത്യ വിളിപ്പിച്ചത്. ഇസ്ലാമാബാദില്‍ ഇന്ത്യ-പാക് ആഭ്യന്തര മന്ത്രിമാര്‍ മുഖാമുഖം വന്നിട്ടും പരസ്പരം ഹസ്തദാനം ചെയ്തില്ല. പാക് ആഭ്യന്തര മന്ത്രി സാര്‍ക് അതിഥികള്‍ക്കായി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെയാണ് രാജ്നാഥ്സിങ് ഡല്‍ഹിക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.