സോഷ്യല്‍ മിഡിയ ഇല്ലാതെ നെഹ്റുവും ഇന്ദിരയും പ്രശസ്തരായിരുന്നു -ശിവസേന

മുംബൈ: ഡിജിറ്റല്‍ ഇന്ത്യ വാഗ്ദാനവുമായി യു.എസ് സന്ദര്‍ശനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശിവസേനയുടെ പരിഹാസം. സോഷ്യല്‍ മീഡിയ ഇല്ലാതെ തന്നെ നെഹ്റുവും ഇന്ദിരാ ഗാന്ധിയും ജനകീയരായിരുന്നെന്ന് ശിവസേന മുഖപത്രമായ സാമ്ന ഓര്‍മിപ്പിച്ചു.  നരസിംഹ റാവു, മന്‍മോഹന്‍ സിങ് തുടങ്ങിയ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ സംഭാവനകളും  വിസ്മരിക്കരുതെന്നും ശിവസേന മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

മോദിക്ക് ലഭിക്കുന്ന വലിയ പ്രശസ്തി അദ്ദേഹം നന്നായി ആസ്വദിക്കുന്നുണ്ട്. അദ്ദേഹം ജനകീയനാണെന്നതില്‍ സംശയമില്ല. എവിടെച്ചെന്നാലും മോദി, മോദി...എന്ന് ആര്‍പ്പുവിളികളുണ്ടാവും. എന്നാല്‍ ഇന്നത്തെ പോലെ സാമൂഹിക മാധ്യമങ്ങള്‍ ഇല്ലാതിരുന്ന കാലത്തും നെഹ്റുവും ഇന്ദിരാ ഗാന്ധിയും ജനകീയരായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് അടിത്തറയിട്ടത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായ നരസിംഹ റാവു, മന്‍മോഹന്‍ സിങ് എന്നിവരാണെന്നത് വിസ്മരിക്കാനാവില്ല . രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് അവര്‍ സാമ്പത്തിക വളര്‍ച്ചക്ക് രൂപവും ദിശയും നല്‍കിയത്. അവര്‍ രാഷ്ട്രീയമായി എതിരാളികളാണെങ്കിലും അത് കാണാതിരിക്കരുത്.

വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന ദുര്‍ബല സഖ്യസര്‍ക്കാരുള്ളപ്പോഴാണ് അവര്‍ പ്രയാസകരമായ ജോലി നിര്‍വഹിച്ചത് . ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് ഇന്ത്യയില്‍വാര്‍ത്താ വിതരണ , ടെലികോം രംഗങ്ങളിലെ വിപ്ളവത്തിന്   തുടക്കമാവുന്നത്. അത് പിന്നീട് രാജീവ് ഗാന്ധി ഏറ്റെടുത്തു. ഓരോ ഗ്രാമത്തിലും ടെലിഫോണ്‍ സേവനം ലഭ്യമാക്കാന്‍ പ്രയത്നിച്ചത് അദ്ദേഹമാണ്. ^സാമ്നയിലെ മുഖപ്രസംഗം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.