പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നിരാഹാരം അവസാനിപ്പിച്ചു

പുണെ: സിനിമ-സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിവന്ന റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികളുമായി ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചതിനെ തുടര്‍ന്നാണ് 18 ദിവസമായി തുടര്‍ന്ന സത്യഗ്രഹം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (എഫ്.എസ്.എ) പ്രതിനിധി രഞ്ജിത്ത് നായര്‍ അറിയിച്ചു.

അതേസമയം, റിലേ നിരാഹാരം മാത്രമേ അവസാനിപ്പിക്കൂവെന്നും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ ക്ളാസുകള്‍ ബഹിഷ്കരിക്കുന്നതുള്‍പ്പെടെ സമരവുമായി മുന്നോട്ടുപോകുമെന്നും രഞ്ജിത്ത് നായര്‍ വ്യക്തമാക്കി. ഈ മാസം 29ന് മുംബൈയിലാണ് ചര്‍ച്ച. വിദ്യാര്‍ഥി പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും രഞ്ജിത്ത് പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങളിന്മേല്‍ ചര്‍ച്ചക്ക് വഴിയൊരുക്കിയാല്‍ നിരാഹാരം അവസാനിപ്പിക്കാന്‍ തയാറാണെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ നേരത്തേ വാര്‍ത്താവിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. ചര്‍ച്ചയുടെ കാര്യം മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.