ദേശീയ പതാകയില്‍ നരേന്ദ്ര മോദിയുടെ ഒപ്പ്‌

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ദേശീയ പതാകയില്‍ ഒപ്പുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി വിവാദമാകുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രശസ്ത ഷെഫ് വികാസ് ഖന്ന യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമക്ക് സമ്മാനിക്കാന്‍ കൊണ്ടുപോയ ദേശീയ പതാകയിലാണ് പ്രധാനമന്ത്രി ഒപ്പുവെച്ചത്. മോദി ഒപ്പുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

2002ലെ ഇന്ത്യന്‍ ഫ്ളാഗ് ആക്ട് അനുസരിച്ച് ഇന്ത്യന്‍ പതാകയില്‍ എന്തെങ്കിലും കുറിക്കുന്നതോ എഴുതുന്നതോ പതാകയെ അപമാനിക്കലാണെന്ന് വ്യക്തമാക്കുന്നുണ്ട്. പതാകയില്‍ ഒപ്പുവെച്ചതിന് മോദിയെ വിമര്‍ശിക്കുന്നവരും ചൂണ്ടിക്കാട്ടുന്നത് ഇതാണ്.

മോദി എപ്പോഴാണ് പതാകയില്‍ ഒപ്പിട്ടത് എന്നും എങ്ങനെയാണ് ഇത് വികാസ് ഖന്നയുടെ പക്കലെ ത്തിയതെന്നും സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ സംഭവം വിവാദമായപ്പോള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പതാക ഖന്നയില്‍ നിന്ന് തിരിച്ച് വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മോദി ഇന്ത്യന്‍ ഫ്ളാഗ് കോഡ് വീണ്ടും ലംഘിച്ചു എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ പറഞ്ഞു. ഇന്ത്യയെ അവഹേളിക്കുന്നത് മോദിയുടെ ഹോബിയായി മാറിയിരിക്കുകയാണെന്നും പോസ്റ്റില്‍ രാജ്ദീപ് സര്‍ദേശായി വിമര്‍ശിക്കുന്നു.

ദേശീയ പതാകയെ അപമാനിച്ചെന്ന് മോദിക്കെതിരെ നേരത്തെയും വിമര്‍ശമുയര്‍ന്നിരുന്നു. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ത്രിവര്‍ണത്തിലുള്ള ഷാള്‍ ഉപയോഗിച്ച് മോദി മുഖം തുടച്ചിരുന്നു. ഇതും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.