സ്ഥാനാര്‍ഥി യോഗ്യത: ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പ് സുപ്രീംകോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച സാഹചര്യത്തിലാണ് കോടതി നടപടി.  മാനദണ്ഡങ്ങളുടെ നിയമസാധുതയില്‍ തീരുമാനമാകുന്നത് വരെയാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രക്രിയ സ്റ്റേ ചെയ്തത്.

സ്ഥാനാര്‍ഥികള്‍ക്ക് യോഗ്യതാ മാനദണ്ഡം നിശ്ചയിച്ച ഹരിയാന സര്‍ക്കാര്‍ നടപടിക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള പൗരന്‍െറ അവകാശം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഹരജിയില്‍ പറയുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വിശദീകരണം തേടി ഹരിയാന സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു.

സെപ്റ്റംബര്‍ ഏഴിനാണ് സ്ഥാനാര്‍ഥികള്‍ക്ക് യോഗ്യതാ മാനദണ്ഡം നിശ്ചിക്കുന്ന നിയമം ഹരിയാന നിയമസഭാ പാസാക്കിയത്. ജനറല്‍ സീറ്റിലെ സ്ഥാനാര്‍ഥി പത്താം ക്ളാസും വനിതാ^ദളിത് സ്ഥാനാര്‍ഥി എട്ടാം ക്ളാസും പാസാകണമെന്നാണ് മാനദണ്ഡം. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകരുത്, വൈദ്യുതി ബില്‍ ^ലോണ്‍ കുടിശിക എന്നിവ ഉണ്ടാകരുത്, വീടുകളില്‍ ശുചിമുറി ഉണ്ടായിരിക്കണം എന്നിവയാണ് മറ്റ് മാനദണ്ഡങ്ങള്‍.

നിയമത്തിന്‍െറ സാധുത തീരുമാനിക്കുന്നതു വരെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചു. ഒക്ടോബര്‍ നാലിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്റ്റേ അനുവദിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി കോടതിയില്‍ വാദിച്ചു.

ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാല്, 11, 18 തീയതികളില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചിരുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.