രക്ഷാപ്രവര്‍ത്തനം നിറുത്തരുതേയെന്ന അപേക്ഷയുമായി മണ്ണിനടിയില്‍ നിന്ന് രണ്ടുപേര്‍

ബിലാസ്പുര്‍: ഒന്‍പത് ദിവസങ്ങളായി മണ്ണിനടിയില്‍ കഴിയുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലത്തെുന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പുരില്‍ ഹൈവേ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തിലാണ് ഇവര്‍ മണ്ണിനടിയിലായത്. 1,200 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്‍െറ നിര്‍മാണജോലികള്‍ക്കിടെ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. സെപ്തംബര്‍ 12നുണ്ടായ അപകടത്തില്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചെങ്കിലും മൂന്നുപേര്‍ തുരങ്കത്തില്‍ അകപ്പെട്ടുപോകുകയായിരുന്നു. സതീഷ് തോമര്‍, മണിറാം, ഹൃദയ് റാം എന്നിവരാണ് തുരങ്കത്തില്‍ അകപ്പെട്ടത്.

കഴിഞ്ഞ ദിവസം, ഒരു പൈപ്പിലൂടെ  വിഡിയോ കാമറ ഇറക്കി സതീഷ് തോമര്‍, മണിറാം എന്നിവരുമായി ദുരന്തനിവാരണ സേന പ്രവര്‍ത്തകര്‍ സംസാരിച്ചു. ഏഴോ എട്ടോ ദിവസങ്ങള്‍ കൂടി ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദയവായി തുടരുക എന്നായിരുന്നു അവസാനം സതീഷ് തോമര്‍ വിഡിയോ കാമറയിലൂടെ പറഞ്ഞത്. ജീവന്‍ നിലനിര്‍ത്താനായി ഇവര്‍ക്ക് കശുവണ്ടി, ബദാം, ഗ്ളൂക്കോസ് ബിസ്ക്കറ്റ് എന്നിവ പൈപ്പിലൂടെ എത്തിക്കുന്നുണ്ട്. എന്നാല്‍ ഹൃദയ് റാമിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചില്ല.

സിംലയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ദുരന്തസ്ഥലത്ത് അനുഭവപ്പെടുന്ന തുടര്‍ച്ചയായ മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നുണ്ട്. മലയോരത്ത് മറ്റൊരു പാത നിര്‍മിച്ച് ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ദുരന്ത നിവാരണ സേന. സേനയുടെ 50 പ്രവര്‍ത്തകരാണ് ഇപ്പോള്‍ സംഭവസ്ഥലത്തുള്ളത്. യന്ത്രത്തകരാറും മഴയും മൂലം ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം നടത്താനായില്ളെങ്കിലും തിങ്കളാഴ്ച ഇവരെ പുറത്തത്തെിക്കാനാവുമെന്ന ഉറപ്പിലാണ് സേന.

തുരങ്കത്തിലകപ്പെട്ടവരുടെ കുടുംബാംഗങ്ങളും സ്ഥലത്തത്തെിയിട്ടുണ്ട്. ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ കണ്ണുനീരുമായി നില്‍ക്കുകയായിരുന്ന ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തനം പുനരാംരഭിച്ചതോടെ ശുഭപ്രതീക്ഷയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.