കുവൈത്ത് വൈദ്യപരിശോധന വീണ്ടും ഖദാമത്തിന്

മുംബൈ: കുവൈത്ത് വിസാ നടപടിയുടെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ക്കുള്ള വൈദ്യപരിശോധന നടത്താനുള്ള ചുമതല വീണ്ടും വിവാദ കമ്പനിയായ ഖദാമത്ത് ഇന്‍റഗ്രേറ്റഡ് സൊലൂഷന്. ഉദ്യോഗാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കിയത് വിവാദമാകുകയും മഹാരാഷ്ട്ര ലീഗല്‍ മെട്രോളജി സെല്‍ നടപടിയെടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 29ന് കമ്പനിയുമായുള്ള കരാര്‍ കുവൈത്ത് അധികൃതര്‍ റദ്ദാക്കുകയും ചുമതല ഗാംകയെ ഏല്‍പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായാണ് തിങ്കളാഴ്ച മുതല്‍ ചുമതല ഖദാമത്തിനുതന്നെയെന്ന് വ്യക്തമാക്കി കുവൈത്ത് കോണ്‍സുലേറ്റ് ജനറല്‍ വിജ്ഞാപനമിറക്കിയത്. വൈദ്യപരിശോധനക്കുള്ള ഫീസ് 55 കുവൈത്തി ദീനാറിന് സമമായ ഇന്ത്യന്‍ പണമായി നിജപ്പെടുത്തിയിട്ടുണ്ട്. നിലവിലെ മൂല്യമനുസരിച്ച് ഇത് 12,000 രൂപ വരും. ഖദാമത്തിന്‍െറ ഡല്‍ഹി, മുംബൈ ഓഫിസുകള്‍ക്കാണ് ചുമതല. വൈദ്യപരിശോധനക്ക് 3600 രൂപയായിരുന്നത് ഖദാമത്ത് ഏറ്റെടുത്തതോടെ 24,000 രൂപയായി കുത്തനെ കൂട്ടുകയായിരുന്നു.
വന്‍ ഫീസും പരിശോധനക്കത്തെുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതും വിവാദമായി. അമിത ഫീസ് ഈടാക്കുന്നതിനെതിരെ കേരള മാന്‍പവര്‍ എക്സ്പോര്‍ട്സ് അസോസിയേഷനും മുബൈയിലെ ഇന്ത്യന്‍ പേഴ്സനല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലും പരാതിയുമായി രംഗത്തുവരുകയും കുവൈത്ത് കോണ്‍സുലേറ്റ്, വിദേശകാര്യ മന്ത്രാലയം എന്നിവരെ സമീപിക്കുകയും ചെയ്തു. ഇന്ത്യന്‍ പേഴ്സനല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍െറ ശ്രമഫലമായാണ് അമിത ഫീസ് ഈടാക്കുന്നതിനെതിരെ മുംബൈ ലീഗല്‍ മെട്രോളജി സെല്‍ ഖദാമത്തിനെതിരെ നടപടികള്‍ തുടങ്ങിയത്.
ഇതോടെ, ഖദാമത്ത് ഫീസ് 16,000 രൂപയാക്കി. എന്നാല്‍, ജൂണ്‍ 29ന് വൈദ്യപരിശോധന നടത്താനുള്ള ചുമതലയില്‍നിന്ന് ഖദാമത്തിനെ ഒഴിവാക്കി മുമ്പ് കുറഞ്ഞ ഫീസിന് വൈദ്യപരിശോധന നടത്തിയ  ജി.സി.സി രാഷ്ട്രങ്ങളുടെ അംഗീകാരമുള്ള ഗാംകയെ ഏല്‍പിച്ചതായി കുവൈത്ത് കോണ്‍സുലര്‍ ജനറല്‍ വിജ്ഞാപനമിറക്കുകയാണുണ്ടായത്.
ഗാംക ഫീസ്  5000 രൂപയോളമായിരുന്നു. എന്നാല്‍, ഇനി ഇതിന്‍െറ ഇരട്ടിയിലേറെ നല്‍കണം. വന്‍ ഫീസിനു പുറമെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിലെ കാലതാമസവും വൈദ്യപരിശോധന നടത്തുന്നതിലെ സൗകര്യക്കുറവും ഖദാമത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. മുമ്പ് ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഖദാമത്തിന്‍െറ വൈദ്യപരിശോധന.
ഇത്തവണ കൊച്ചിയിലെ കേന്ദ്രം പുന$സ്ഥാപിക്കുമെന്ന് ഖദാമത്ത് അധികൃതര്‍ പറഞ്ഞു. അമിത ഫീസിനെതിരെ പ്രതിഷേധമുയര്‍ന്നതോടെയായിരുന്നു കൊച്ചി കേന്ദ്ര ഖദാമത്ത് പൂട്ടിയത്. അതോടെ കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുംബൈയെയോ ഡല്‍ഹിയെയോ ആശ്രയിക്കേണ്ടിവന്നു. ഫീസ്, യാത്ര, താമസ ചെലവുകളടക്കം അന്ന് അരലക്ഷത്തോളമായിരുന്നു ഉദ്യോഗാര്‍ഥികള്‍ക്ക് ചെലവാക്കേണ്ടിവന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.