ഹോര്‍മുസ്ജി എന്‍. കാമ പി.ടി.ഐ ചെയര്‍മാന്‍, റിയാദ് മാത്യു വൈസ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി ബോംബെ സമാചാറിന്‍െറ മാനേജിങ് ഡയറക്ടര്‍ ഹോര്‍മുസ്ജി എന്‍. കാമ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മലയാള മനോരമ ഡയറക്ടര്‍ റിയാദ് മാത്യുവാണ് വൈസ് ചെയര്‍മാന്‍. പി.ടി.ഐ വാര്‍ഷിക പൊതുയോഗത്തിനുശേഷം നടന്ന ഡയറക്ടേഴ്സ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
രണ്ടുതവണ ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ പ്രസിഡന്‍റായ കാമ നിലവില്‍ റീഡര്‍ഷിപ് സ്റ്റഡീസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എ.ബി.സി), കൗണ്‍സില്‍ ഫോര്‍ ഫെയര്‍ ബിസിനസ് പ്രാക്ടീസ് എന്നിവയില്‍ അംഗവുമാണ്.
മലയാള മനോരമയില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററായ റിയാദ് മാത്യു ദ വീക് വാരികയുടെ ചുമതലയും വഹിക്കുന്നുണ്ട്. മേരിലാന്‍ഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം വാഷിങ്ടണില്‍ അസോസിയേറ്റഡ് പ്രസിന്‍െറ കറസ്പോണ്ടന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.എന്‍. സന്തോഷ് കുമാര്‍ (ഡെക്കാന്‍ ഹെറാള്‍ഡ്), വിനീത് ജെയ്ന്‍ (ടൈംസ് ഓഫ് ഇന്ത്യ), അവീക് കുമാര്‍ സര്‍കാര്‍ (ആനന്ദ ബസാര്‍ പത്രിക), വിവേക് ഗോയങ്ക(ഇന്ത്യന്‍ എക്സ്പ്രസ്), എന്‍. രവി (ദ ഹിന്ദു), എം.പി. വീരേന്ദ്രകുമാര്‍ (മാതൃഭൂമി), സഞ്ചോയ് നാരായണ്‍ (ഹിന്ദുസ്ഥാന്‍ ടൈംസ്), വിജയ്കുമാര്‍ ചോപ്ര (ഹിന്ദ് സമാചാര്‍), ആര്‍. ലക്ഷ്മിപതി (ദിനമലര്‍) എന്നിവരാണ് മറ്റംഗങ്ങള്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.