വാജ്പേയിയുടെ ‘വേര്‍പാടില്‍’ അനുശോചിച്ച സ്കൂള്‍ ഹെഡ്മാഷിന് പണികിട്ടി

ബലാസോര്‍: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ‘അന്തരിച്ചതിനെ’ തുടര്‍ന്ന് സ്കൂളില്‍ അനുശോചന യോഗം ചേരുകയും ഒരു ദിവസത്തേക്ക് സ്കൂള്‍ അടയ്ക്കുകയും ചെയ്ത ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍. ഒഡിഷയിലെ ബലാസോര്‍ ജില്ലയിലെ ബുദഗുണ്ഡ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകന്‍ കമലകാന്ത ദാസിനെയാണ് കളക്ടര്‍ സസ്പെന്‍റ് ചെയ്തത്. വാജ്പേയി അന്തരിച്ചതായി സ്കൂളിലെ ഒരു അധ്യാപിക വന്ന് അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അനുശോചനയോഗം ചേരുകയും സ്കൂള്‍ വിടുകയുമായിരുന്നു. ജീവിച്ചിരിക്കുന്ന ആളെ ‘മരിപ്പിച്ചതില്‍’ പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും ദാസിനെ തേടി സസ്പെന്‍ഷന്‍ എത്തി. അന്വേഷണത്തിനുത്തരവിട്ട ജില്ലാ കളക്ടര്‍ സംഭവം വളരെ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും നിരുത്തരവാദപരമായാണ് ഹെഡ്മാസ്റ്റര്‍ പ്രവര്‍ത്തിച്ചതെന്നും ഇക്കാരണത്താല്‍ സസ്പെന്‍റ് ചെയ്യുന്നതായും അറിയിച്ചു. 2009ല്‍ ഉണ്ടായ പക്ഷാഘാതത്തിനുശേഷം കിടപ്പിലായ മുന്‍ പ്രാധാനമന്ത്രി സ്മൃതിനാശത്തിന്‍െറ കൂടി പിടിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.