ബിഹാര്‍ തെരഞ്ഞെടുപ്പ്: രാഹുലിന്‍െറ റാലിയില്‍ ലാലു പങ്കെടുക്കില്ല

പട്ന: കോണ്‍ഗ്രസിന്‍െറ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനത്തില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പങ്കെടുക്കില്ല. സെപ്റ്റംബര്‍ 19ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നാണ് ലാലു വിട്ടുനില്‍ക്കുന്നത്. ലാലുവിനെ പ്രതിനിധീകരിച്ച് മകന്‍ തേജസ്വി യാദവാണ് പരിപാടിയില്‍ പങ്കെടുക്കുക.

ആരോപണവിധേയരായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന യു.പി.എ സര്‍ക്കാറിന്‍െറ ഓര്‍ഡിനന്‍സിനെ 2013ല്‍ രാഹുല്‍ ഗാന്ധി എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് നല്ല ബന്ധത്തിലല്ല ലാലുവും രാഹുലും. കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റാരോപിതനായ ലാലുവിന് എം.പി സ്ഥാനത്ത് തുടരാന്‍ സഹായിക്കുമായിരുന്നു ഈ ഓര്‍ഡിനന്‍സ്.

വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ജെ.ഡി.യുവിനൊപ്പം കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമാണ് പ്രധാന സഖ്യകക്ഷികള്‍. വെസ്റ്റ് ചമ്പാരനിലാണ് രാഹുല്‍ ഗാന്ധിയുടെ റാലി നടക്കുന്നത്. ഡോ. ബി.ആര്‍ അംബേദ്കറിന്‍െറ 125ാം ജന്‍മദിനവുമാണ് ആ ദിവസം.

എന്നാല്‍ ലാലുവിന്‍െറ പിന്‍മാറ്റം സംബന്ധിച്ച വാര്‍ത്ത കോണ്‍ഗ്രസ് കാര്യമായെടുക്കുന്നില്ല. രാഹുലും ലാലുവും വേദി പങ്കിടുമെന്നും സംസ്ഥാനത്തെ ബൃഹത് സഖ്യത്തിനെ ദുര്‍ബലമാക്കാനുള്ള പ്രചരണമാണിതെന്നും ബിഹാര്‍ ഘടകം കോണ്‍ഗ്രസ് പ്രസിഡന്‍റ് അശോക് ചൗധരി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി സുബോധ് കാന്ത് സഹായിയും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ റാലിയിലേക്ക് ലാലുവിനെ നേരിട്ട് ക്ഷണിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശവുമായി ബന്ധപ്പെട്ട തിരക്കുള്ളതിനാല്‍ 19ന് ഒഴിവില്ല എന്ന് ലാലു അറിയിക്കുകയായിരുന്നു. വിഷയത്തില്‍ ലാലുവുമായി സംസാരിക്കാന്‍ ഹരിയാനയിലെ മുതിര്‍ന്ന നേതാവ് ക്യാപ്റ്റന്‍ അജയ് യാദവിനോട്‌ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലാലുവിന്‍െറ മകളെ വിവാഹം ചെയ്തത് അജയ് യാദവിന്‍െറ മകനാണ്.

ബൃഹത് സഖ്യത്തില്‍ നിന്ന് മുലായം സിങ് യാദവിന്‍െറ സമാജ് വാദി പാര്‍ട്ടിയും ശരത് പവാറിന്‍െറ എന്‍.സി.പിയും പിന്‍മാറിയിരുന്നു. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയില്‍ നിന്ന് ലാലുപ്രസാദ് യാദവ് വിട്ടുനില്‍ക്കുന്നത്. നേരത്തെ ആഗസ്റ്റ് 30ന് നടന്ന സ്വാഭിമാന്‍ റാലിയില്‍ നേരിട്ട് പങ്കെടുക്കാതെ സമാജ് വാദ് പാര്‍ട്ടി നേതാവ് മുലയം സിങ് യാദവ് പ്രതിനിധിയെ അയക്കുകയായിരുന്നു. ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഒരാഴ്ചക്കുശേഷം എസ്.പി തീരുമാനിക്കുകയും ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.