ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ എ.ബി.വി.പിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയൂനിയന്‍ സാരഥ്യം വീണ്ടും എ.ബി.വി.പിക്ക്. പരമ്പരാഗത എതിരാളികളായ എന്‍.എസ്.യുവിനെയും പുതുതായി കളത്തിലിറങ്ങിയ ആം ആദ്മി വിദ്യാര്‍ഥി സംഘടനയായ സി.വൈ.എസ്.എസിനെയും ഇടതുവിദ്യാര്‍ഥി സംഘങ്ങളെയും മറികടന്നാണ് നാലു സുപ്രധാന പദവികളും രണ്ടാംവട്ടവും സംഘ്പരിവാര്‍ വിദ്യാര്‍ഥിസംഘടന നേടിയെടുത്തത്.
പ്രസിഡന്‍റായി സതേന്ദന്‍ അവാന, വൈസ് പ്രസിഡന്‍റായി സണ്ണി ദേധ, സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ജലി റാണ, ജോ. സെക്രട്ടറിയായി ഛത്രപാല്‍ യാദവ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.  

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സതേന്ദര്‍ 20,439 വോട്ടുനേടിയപ്പോള്‍ എന്‍.എസ്.യു സ്ഥാനാര്‍ഥി പ്രദീപ് വിജയ്റാന്‍ 14,112 വോട്ടും സി.വൈ.എസ്.എസ് സ്ഥാനാര്‍ഥി കുല്‍ദീപ് ബിദുരി 8375 വോട്ടുകളും നേടി. മാതൃസംഘടനാ നേതാക്കള്‍ നേരിട്ടിറങ്ങിയും പണം വാരിയെറിഞ്ഞും നടന്ന പ്രചാരണങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നപ്പോള്‍ 1,35,298 വിദ്യാര്‍ഥികളില്‍ 43ശതമാനം പേര്‍ മാത്രമാണ് വോട്ടുചെയ്യാനത്തെിയത്. എതിര്‍വോട്ടുകള്‍ എന്‍.എസ്.യു, സി.വൈ.എസ്.എസ്, ഐസ, എസ്.എഫ്.ഐ എന്നിവര്‍ക്ക് വീതിച്ചുപോയതോടെ എ.ബി.വി.പി സ്ഥാനാര്‍ഥികളുടെ വിജയം എളുപ്പമായി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സഹപ്രവര്‍ത്തകരും ഇറങ്ങിക്കളിച്ചിട്ടും ആപ്പിന്‍െറ കുട്ടികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.  വൈസ് പ്രസിഡന്‍റ് പദത്തില്‍ രണ്ടാം സ്ഥാനവും സെക്രട്ടറി സ്ഥാനത്ത് മൂന്നാം സ്ഥാനവും ജോ. സെക്രട്ടറി സ്ഥാനത്ത് നാലാം സ്ഥാനവുമാണ് അവര്‍ക്ക് കിട്ടിയത്.

പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവിടാന്‍ അനുവദിക്കപ്പെട്ട പരമാവധി തുക 5000 രൂപയായിരുന്നുവെങ്കില്‍ അതിന്‍െറ നൂറിലധികം ഇരട്ടിയാണ് എ.ബി.വി.പി, എന്‍.എസ്.യു, സി.വൈ.എസ്.എസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പൊടിച്ചിരുന്നത്. ഐസ, എസ്.എഫ്.ഐ-എ.ഐ.ഡി.എസ്.ഒ സ്ഥാനാര്‍ഥികളുടെ പ്രചാരണം നോട്ടീസുകളിലും ആര്‍ഭാടം കുറഞ്ഞ പോസ്റ്ററുകളുമായിരുന്നെങ്കില്‍ ഡി.ജെ പാര്‍ട്ടി, ആഡംബര വിരുന്നുകള്‍, സൗജന്യ സിനിമാപ്രദര്‍ശനം, ബഹുവര്‍ണ ബഹുഭാഷാ പോസ്റ്ററുകള്‍ എന്നിവക്കെല്ലാമാണ് മറ്റുള്ളവര്‍ പരസ്യമായി ചെലവിട്ടത്. ആം ആദ്മി സര്‍ക്കാറിന്‍െറ വിദ്യാഭ്യാസ വായ്പാപദ്ധതിയുടെ മുഴുപേജ് പരസ്യം പ്രമുഖ പത്രങ്ങളില്‍ നല്‍കിയും ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് വാഗ്ദാനങ്ങള്‍ ചൊരിഞ്ഞും കെജ്രിയും കൂട്ടരും നടത്തിയ തന്ത്രങ്ങള്‍ പക്ഷേ, വിദ്യാര്‍ഥികളെ ആകര്‍ഷിച്ചില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ ജേതാക്കളെ അനുമോദിച്ചു. 1974ല്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റായിരുന്നു ജെയ്റ്റ്ലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.