യമനില്‍ കൊല്ലപ്പെട്ട ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: സൗദി സഖ്യസേനയുടെ ആക്രമണത്തില്‍ യമനില്‍ കാണാതായ ഏഴു  ഇന്ത്യക്കാരില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരെല്ലാം ഗുജറാത്തില്‍ നിന്നുള്ളവരാണെന്നാണ് സൂചന. രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 21 ഇന്ത്യക്കാരാണ് ആക്രമണത്തിനിരയായത്. 14 പേര്‍ സുരക്ഷിതരാണെന്നും ഇവരില്‍ പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തേ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നായിരുന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പിന്നീട് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സോമാലിയയിലെ ബെര്‍ബറക്കും യമനിലെ ഖോക്കക്കും ഇടയിലായിരുന്നു ബോട്ടുകള്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് ബോട്ടുകള്‍ക്കുനേരെ ആക്രമണമുണ്ടായത്.

യമനില്‍ ഹൂതി വിമതര്‍ക്കെതിരെയുള്ള സൗദി സഖ്യ സേനാ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് ചൊവ്വാഴ്ച രാത്രി പുറത്തുവന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ യമനിലെ ഹുദൈദയിലാണ് ആക്രമണമുണ്ടായത്. എണ്ണ കടത്ത് സംഘങ്ങളും മത്സ്യതൊഴിലാളികളുമാണ് ആക്രമണത്തിനിരയായതെന്നാണ് ആദ്യം ഒൗദ്യോഗിക വിശദീകരണം വന്നത്. സമാനമായി മആരിബില്‍ നടന്ന ആക്രമണങ്ങളില്‍ 12 ശിയാ വിമതരും കൊല്ലപ്പെട്ടിരുന്നു. നിലവില്‍ യമനില്‍ ഇന്ത്യക്ക് എംബസി ഇല്ല. കഴിഞ്ഞ ഏപ്രിലില്‍ സൗദിയുടെ ശക്തമായ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇത് അടച്ച് പൂട്ടിയിരുന്നു.

മആരിബില്‍ കഴിഞ്ഞ ദിവസം വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 55 യു.എ.ഇ സൈനികരും അഞ്ച് ബഹ്റൈന്‍ സൈനികരും മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സഖ്യകക്ഷി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹുദൈദ തുറമുഖത്തും ഇതിന്‍െറ ഭാഗമായുള്ള ആക്രമണമാണെന്നാണ് സംശയം. പ്രദേശത്ത് 20 ഓളം തവണ വ്യോമാക്രമണം നടന്നതായി ഹൂതി വക്താവ് സ്ഥിരീകരിച്ചു. തലസ്ഥാനമായ സന്‍ആയില്‍മാത്രം 15 സിവിലിയന്മാര്‍ മരിച്ചതായി ആശുപത്രി വൃത്തങ്ങളും വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.