മോദിസര്‍ക്കാര്‍ പൂര്‍ണ പരാജയം -സോണിയ

ന്യൂഡല്‍ഹി: വിലക്കയറ്റമടക്കം സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും നിക്ഷേപം ആകര്‍ഷിക്കുന്നതിലും സാമ്പത്തികവളര്‍ച്ച നേടുന്നതിലും നരേന്ദ്ര മോദിസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിലക്കയറ്റത്തിന്‍െറ തീക്ഷ്ണത കൂടി. തൊഴിലവസരം ഉണ്ടാവുന്നില്ല. ഇന്ത്യയില്‍ നിര്‍മിക്കാമെന്ന പരിപാടി വെറും മുദ്രാവാക്യമായി. സുപ്രധാന സ്ഥാപനങ്ങളുടെ സ്വയംഭരണ സ്വാതന്ത്ര്യം തകര്‍ക്കപ്പെടുന്നു; കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കവെ അവര്‍ ചൂണ്ടിക്കാട്ടി.

പുരോഗമന ചിന്താഗതിക്കാരെ ശാരീരികമായി ഉന്മൂലനം ചെയ്യുന്ന സ്ഥിതിയുണ്ടായിരിക്കുന്നു. മാധ്യമങ്ങള്‍ അടിച്ചമര്‍ത്തല്‍ നേരിടുകയാണ്. നെഹ്റുവിനെ പ്രത്യേകമായി ഉന്നംവെച്ച് ചരിത്രം തിരുത്താന്‍ ശ്രമംനടക്കുന്നു. മോദിസര്‍ക്കാറിനെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ആര്‍.എസ്.എസാണെന്ന് കൂടുതല്‍ വ്യക്തമായെന്നും സോണിയ പറഞ്ഞു.

ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസനിയമത്തില്‍ കൊണ്ടുവന്ന കര്‍ഷകവിരുദ്ധ ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത് എല്ലാവരുടെയും യോജിച്ചനീക്കമാണ്. അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി സര്‍ക്കാറിന് ബന്ധമില്ലാത്തതുകൊണ്ടാണ് ഭൂമി ഓര്‍ഡിനന്‍സില്‍ കരണംമറിയേണ്ടിവന്നത്. ആദിവാസിക്ഷേമം, തൊഴില്‍നിയമം, വനസംരക്ഷണ നിയമം, വിവരാവകാശം, തൊഴിലുറപ്പുപദ്ധതി എന്നിവ സംരക്ഷിക്കുന്നതിന് സമാനമായ പ്രചാരണം ആവശ്യമാണ്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വിരുദ്ധമായ നയപരിപാടികളുമായി മുന്നോട്ടുപോകുന്നതില്‍നിന്ന് സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സോണിയ പറഞ്ഞു.

കോണ്‍ഗ്രസില്‍ താഴത്തേട്ടു മുതല്‍ സംഘടനാസംവിധാനം ശക്തിപ്പെടുത്തണം. പാര്‍ട്ടിക്കുവേണ്ടി അധ്വാനിക്കുന്നവര്‍ അംഗീകരിക്കപ്പെടുന്ന സ്ഥിതിയുണ്ടാകണം. സ്ത്രീകള്‍, ആദിവാസികള്‍, ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിങ്ങനെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. അവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ ഇടം ലഭിക്കണം -സോണിയ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.