10 ഭീകരരെ വധിച്ച കമാന്‍ഡോക്ക് ഏറ്റുമുട്ടലില്‍ അന്ത്യം

ശ്രീനഗര്‍:11 ദിവസത്തിനിടെ 10 ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച സൈനിക കമാന്‍ഡോ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലാന്‍സ് നായ്ക് മോഹന്‍ നാഥ് ഗോസ്വാമിയാണ് ഹന്ദ്വാരയില്‍ വ്യാഴാഴ്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
കശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ 11 ദിവസത്തിനിടെ 10 ഭീകരരെ വധിക്കുകയും ഒരു പാക് ഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്ത മൂന്ന് സൈനിക നടപടികളില്‍ ഗോസ്വാമി പ്രധാന പങ്കാളിയായിരുന്നുവെന്ന് പ്രതിരോധ വക്താവ് കേണല്‍ എസ്.ഡി. ഗോസ്വാമി പറഞ്ഞു. 2002ല്‍ സൈന്യത്തിലെ പാരാ കമാന്‍ഡോ വിഭാഗത്തില്‍ അംഗമായ മോഹന്‍ നാഥ് ഗോസ്വാമി യൂനിറ്റിലെ ഏറ്റവും പ്രഗല്ഭനായ പോരാളികളിലൊരാളായാണ് അറിയപ്പെടുന്നത്. തന്‍െറ യൂനിറ്റ് പങ്കെടുത്ത സൈനിക ഓപറേഷനുകളിലെല്ലാം അദ്ദേഹം സ്വമേധയാ സജീവസാന്നിധ്യമായിരുന്നു. ആഗസ്റ്റ് 23ന് ഹന്ദ്വാരയിലും ഖുര്‍മറിലുമായി മൂന്ന് പാക് ലശ്കറെ ത്വയ്യിബ ഭീകരര്‍ കൊല്ലപ്പെട്ട ഓപറേഷനില്‍ ഗോസ്വാമി പങ്കെടുത്തു. രണ്ടാമത്തെ പോരാട്ടം ആഗസ്റ്റ് 26, 27 തീയതികളില്‍ റാഫിയാബാദിലായിരുന്നു. ഇവിടെ നേര്‍ക്കുനേര്‍ നടന്ന രൂക്ഷ വെടിവെപ്പിനൊടുവില്‍ മൂന്ന് ലശ്കര്‍ ഭീകരരെക്കൂടി വധിച്ചു. ഈ ഓപറേഷനിലാണ് സജ്ജാദ് അഹ്മദ് (അബൂ ഉബൈദുല്ല) എന്ന പാക് ഭീകരനെ സേന ജീവനോടെ പിടികൂടിയത്. കുപ്വാരയിലെ ഹഫ്രുദ വനമേഖലയില്‍ നടന്ന രൂക്ഷ ഏറ്റുമുട്ടലായിരുന്നു അവസാനപോരാട്ടം. ജീവന്‍ സമര്‍പ്പിക്കും മുമ്പ് അദ്ദേഹം നാല് ഭീകരരെക്കൂടി വധിച്ചു.
അദ്ദേഹത്തിന്‍െറ മൃതദേഹം വ്യോമസേന വിമാനത്തില്‍ ബറേലിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ഹെലികോപ്ടറില്‍ ജന്മനാട്ടിലത്തെിച്ച് പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും. നൈനിറ്റാളിലെ ഹല്‍ദ്വാനിയില്‍ ഇന്ദിര നഗര്‍ സ്വദേശിയായ ഗോസ്വാമിക്ക് ഭാര്യയും ഏഴുവയസ്സായ മകളുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.