ജനതാപരിവാറിന് തിരിച്ചടി; ബിഹാറില്‍ സമാജ് വാദി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കും

ലഖ്നോ: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെയുള്ള സഖ്യത്തില്‍ നിന്ന് മുലായം സിങ്ങിന്‍െറ സമാജ് വാദി പാര്‍ട്ടി (എസ്.പി) പുറത്തുപോയി. പാര്‍ട്ടി തെരഞ്ഞെടുപ്പിനെ ഒറ്റക്കു നേരിടുമെന്ന് നേതാവ് രാംഗോപാല്‍ യാദവ് അറിയിച്ചു. നിതീഷ്കുമാറിന്‍െറ ജെ.ഡി.യു, ലാലുപ്രസാദ് യാദവിന്‍െറ ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, എസ്.പി എന്നിവര്‍ ചേര്‍ന്നുള്ള മുന്നണിയിലാണ് സീറ്റ് തര്‍ക്കം കാരണം വിള്ളല്‍ വീണിരിക്കുന്നത്.

സീറ്റ് വിഭജനം സംബന്ധിച്ച് പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ലെന്നും എസ്.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശമുയര്‍ന്നു.  ആവശ്യമാണെങ്കില്‍ മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല എന്നും രാംഗോപാല്‍ യാദവ് അറിയിച്ചു.

മുലായം സിങ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ബിഹാറില്‍ നിന്ന് എസ്.പിക്ക് എം.എല്‍.എയോ എം.പിയോ ഇല്ല. കഴിഞ്ഞ ഞായറാഴ്ച നിതീഷ് കുമാര്‍, ലാലുപ്രസാദ് യാദവ്, സോണിയാ ഗാന്ധി എന്നിവര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ മുലായം സിങ് പങ്കെടുത്തിരുന്നില്ല. ശിവ് പാല്‍ യാദവിനെയാണ് പകരം റാലിയിലേക്ക് അയച്ചത്. അപ്പോള്‍ തന്നെ മുന്നണിയില്‍ മുലായം സിങ്ങിന്‍െറ സാന്നിദ്ധ്യത്തെ പറ്റി സംശയം പ്രകടിപ്പിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുകൂടാതെ കഴിഞ്ഞയാഴ്ച മുലായം സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിഹാറിലെ 243 സീറ്റുകളില്‍ മൂന്ന് സീറ്റുകളാണ് എസ്.പിക്ക് നല്‍കിയത്. നൂറുവീതം സീറ്റുകള്‍ ജെ.ഡി.യുവിനും ആര്‍.ജെ.ഡിക്കും 40 സീറ്റുകള്‍ കോണ്‍ഗ്രസിനുമാണ് വിഭജിച്ച് നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.