ആന്ധ്രയുടെ തലസ്ഥാന നഗരിയായി അമരാവതി പിറക്കുന്നു

അമരാവതി: ആന്ധ്രപ്രദേശിന്‍െറ പുതിയ തലസ്ഥാനമായ അമരാവതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. സംസ്ഥാനത്തിന്‍െറ വാണിജ്യതലസ്ഥാനമായ വിജയവാഡയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഗുണ്ടൂരില്‍ കൃഷ്ണ നദിക്കരയിലാണ് അമരാവതി ഒരുങ്ങുന്നത്.  ഇവിടെ ഉദ്ധന്‍ദരയുനിപാലം എന്ന ഗ്രാമത്തില്‍ നടന്ന ശിലാസ്ഥാപനകര്‍മത്തില്‍ രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്തു. തന്‍െറ സ്വപ്നതലസ്ഥാനമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ച അമരാവതി, രാജ്യത്തെ വന്‍ വ്യവസായ നഗരമാക്കിത്തീര്‍ക്കാനാണ് പദ്ധതി.
കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ സ്വാര്‍ഥതയാണ് ആന്ധ്രപ്രദേശിന്‍െറ വിഭജനത്തിന് കാരണമെന്ന് ചടങ്ങില്‍  പ്രധാനമന്ത്രി ആരോപിച്ചു. ആന്ധ്രക്കും തെലങ്കാനക്കുമിടയില്‍ വിദ്വേഷത്തിന്‍െറ വിഷം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ്. വിഭജനത്തിന്‍െറ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട ആയിരങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍  അതിയായ വേദനയുണ്ട് -മോദി പറഞ്ഞു.
സിംഗപ്പൂര്‍ സര്‍ക്കാറിന്‍െറ സഹായത്തോടെയാണ് 217 ചതുരശ്ര കിലോമീറ്ററില്‍ അമരാവതി ഒരുങ്ങുന്നത്. നഗരിയോട് ചേര്‍ന്ന് കാര്‍ഷികമേഖലയും ഒരുങ്ങുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 1600 ഗ്രാമങ്ങളില്‍നിന്നും രാജ്യത്തെ പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങളില്‍നിന്നും കൊണ്ടുവന്ന മണ്ണും വെള്ളവും അമരാവതിയുടെ നിര്‍മാണത്തിനായി ഉപയോഗിക്കും.
അമരാവതിയുടെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും വിളിച്ചോതുന്ന അമരാവതി പവിലിയനാണ് പ്രധാനമന്ത്രി ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് ജ്യോതിഷികള്‍ കണ്ടത്തെിയ മുഹൂര്‍ത്തത്തിലായിരുന്നു ശിലാസ്ഥാപനം. സിംഗപ്പൂരിലെയും ജപ്പാനിലെയും മന്ത്രിമാര്‍, 14 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, നിര്‍മല സീതാരാമന്‍, അശോക് ഗജപതി രാജു, ആന്ധ്ര-തെലങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു തുടങ്ങിയവര്‍ ചടങ്ങില്‍
പങ്കെടുത്തു. അതേസമയം, സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നതിനെക്കുറിച്ച് പ്രഭാഷണത്തില്‍ ഒന്നും പറയാതിരുന്ന മോദിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രക്ഷോഭം നടത്താന്‍  കോണ്‍ഗ്രസ് തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.