പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം: ഏഴു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഫരീദാബാദ്: ഹരിയാനയില്‍ ദലിത് കുടുംബത്തിലെ രണ്ടു പിഞ്ചുകുട്ടികളെ ഉയര്‍ന്ന ജാതിക്കാര്‍ തീയിട്ട് കൊന്ന സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. ഗുരുതരമായ കൃത്യവിലോപം നടത്തിയതിന് ഏഴു പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കുറ്റക്കാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പുണ്ടായ ജാതി സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ ദലിതരുടെ സുരക്ഷക്ക് പൊലീസിനെ നിയോഗിച്ചിരുന്നു.  കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഒരു കൊലപാതകത്തിന്‍െറ തുടര്‍ച്ചയാണ് തീവെപ്പ്.  ദലിത് കുടുംബത്തിന് വധഭീഷണിയുണ്ടായിരുന്നു.

തിങ്കളാഴ്ച ഫരീദാബാദ് വല്ലഭ്ഗഡിലെ സോണപേഡ് ഗ്രാമത്തിലെ ജിതേന്ദറിന്‍െറ വീടിനു നേരയാണ് ആക്രമണം നടന്നത്. ഡല്‍ഹിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് രാജ്യത്തെ നടുക്കിയ സംഭവം. രജ്പുത് വിഭാഗത്തില്‍പെട്ടവര്‍ വീടിന്‍െറ ജനലഴിയിലൂടെ പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. വീട്ടില്‍ ഉറങ്ങുകയായിരുന്ന രണ്ടര വയസ്സുകാരനായ വൈഭവും 11 മാസം പ്രായമായ ദിവ്യയുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ജിതേന്ദറിന്‍െറ ഭാര്യ രേഖ ഡല്‍ഹി സഫ്തര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, ഗ്രാമം വിടുകയാണെന്നും ജിതേന്ദര്‍ വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്നും സവര്‍ണ വിഭാഗക്കാര്‍ ഇനിയും ആക്രമിക്കുമെന്നും ജിതേന്ദര്‍ വ്യക്തമാക്കി. ഗോ സംരക്ഷണത്തിനായി  വാദിക്കുന്ന ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ പശുക്കള്‍ക്കു നല്‍കുന്ന വിലപോലും മനുഷ്യര്‍ക്കു നല്‍കുന്നില്ലന്നെു ഗ്രാമീണര്‍ കുറ്റപ്പെടുത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.