പച്ചകുത്തിയതിന് ഭീഷണി: ആസ്ട്രേലിയന്‍ സ്വദേശികള്‍ ബംഗളൂരു വിട്ടു

ബംഗളൂരു: കാലില്‍ ഹിന്ദു ദേവത യെല്ലമ്മയുടെ ചിത്രം പച്ചകുത്തിയതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും മാപ്പ് എഴുതിവാങ്ങുകയും ചെയ്ത ആസ്ട്രേലിയന്‍ സ്വദേശികള്‍ ബംഗളൂരു വിട്ടു.
മെല്‍ബണ്‍ സ്വദേശികളായ മാറ്റ് കെയ്റ്റ് (21), സുഹൃത്ത് എമിലി (20) എന്നിവരെയാണ് തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയോടെ ഇരുവരും ബംഗളൂരുവിട്ടെന്ന് സുഹൃത്ത് വ്യക്തമാക്കി. ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് മുമ്പാകെ കാര്യങ്ങള്‍ വിവരിച്ച ഇരുവരും ഫേസ്ബുക്കില്‍ അനുഭവം കുറിച്ചിടുകയും ചെയ്തിരുന്നു.
ഇതോടെയാണ് സംഭവം വിവാദമായത്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. അടുത്ത ഫെബ്രുവരിവരെ ഇന്ത്യയില്‍ തങ്ങാന്‍ പദ്ധതിയുണ്ടായിരുന്ന ഇരുവരും ഭീഷണി ഭയന്നാണ് നഗരം വിട്ടെതെന്ന് സുഹൃത്ത് വ്യക്തമാക്കി. എന്നാല്‍, ഇരുവരും ആസ്ട്രേലിയയിലേക്ക് തിരിച്ചുപോകുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. അതിനിടെ, ഇവരെ ഭീഷണിപ്പെടുത്തിയ രമേഷ് യാദവ് പാര്‍ട്ടി പ്രവര്‍ത്തകനല്ളെന്നുള്ള ബി.ജെ.പിയുടെ വാദം പൊളിഞ്ഞു. 2010 ലെ ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇയാള്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തിരുന്നു.
2013ല്‍ കര്‍ണാടക ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും വൈകാതെ ബി.ജെ.പിയില്‍ തിരിച്ചത്തെി. രമേഷ് യാദവിന്‍െറ സഹോദരി ഈ വര്‍ഷം ബി.ജെ.പി ടിക്കറ്റില്‍ ബംഗളൂരു കോര്‍പറേഷനിലേക്ക് മത്സരിച്ചു തോറ്റിരുന്നു. രമേഷ് യാദവ് ആസ്ട്രേലിയന്‍ സ്വദേശികളെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.