ശ്രീനഗര്‍: ഗോവധത്തിന്‍െറ പേരില്‍ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്ന് ബന്ദ്. വിഘടനവാദി സംഘടനയായ ഹുര്‍റിയത് കോണ്‍ഫറന്‍സിന്‍െറ ഇരുവിഭാഗങ്ങളും ജെ.കെ.എല്‍.എഫും വിവിധ വ്യാപാരിസംഘടനകളും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശ്രീനഗര്‍, അനന്ത്നാഗ് അടക്കമുള്ള സംഘര്‍ഷബാധിത മേഖലയില്‍ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യാസിന്‍ മാലിക് അടക്കമുള്ള വിഘടനവാദി നേതാക്കള്‍ വീട്ടുതടങ്കലിലാണ്.
കശ്മീരിലെ ഉധംപുരില്‍ 10 ദിവസം മുമ്പുണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ ട്രക്ക് ഡ്രൈവര്‍ സാഹിദ് റസൂല്‍ ഭട്ടാണ് (22) ഞായറാഴ്ച ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിച്ചത്. തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. സാഹിദിന്‍െറ നാടായ അനന്ത്നാഗ് ജില്ലയില്‍ അക്രമാസക്തരായ ആളുകള്‍ പൊലീസിനുനേര്‍ക്ക് കല്ളേറ് നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കേണ്ട പ്രധാന സര്‍ക്കാര്‍പരിപാടികള്‍ റദ്ദാക്കി.
ഒക്ടോബര്‍ ഒമ്പതിന് ഉധംപൂരില്‍ മൂന്നു പശുക്കളുടെ ജഡം കണ്ടത്തെിയതിനെ തുടര്‍ന്നുണ്ടായ അക്രമത്തിലാണ് സഹീദിന് പരിക്കേറ്റത്. ജമ്മു^ശ്രീനഗര്‍ ഹൈവേയില്‍ കല്‍കരി കയറ്റിയ ട്രക്കില്‍ മറ്റു രണ്ടുപേരോടൊപ്പം ഉറങ്ങവെയാണ് ആക്രമണമുണ്ടായത്. റോഡ് തടഞ്ഞ അക്രമികള്‍ ലോറിയുടെ ചില്ലുതകര്‍ത്ത് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. സഹീദിനൊപ്പമുണ്ടായിരുന്ന ഷൗക്കത്ത് അഹമ്മദ് ധറിനും പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്.
മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദും പ്രതിപക്ഷനേതാവ് ഉമര്‍ അബ്ദുല്ലയും പരിക്കേറ്റവരെ ഡല്‍ഹിയിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ സാമ്പത്തികസഹായം പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് മടക്കിനല്‍കി. എന്നാല്‍, എം.എല്‍.എ എന്‍ജിനീയര്‍ റാഷിദിന്‍െറ സഹായം ഇവര്‍ സ്വീകരിച്ചിരുന്നു. സംഭവത്തെ അപലപിച്ച ഉമര്‍ അബ്ദുല്ല ആക്രമണത്തില്‍ ബി.ജെ.പിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.