ന്യൂഡല്‍ഹി: പശുക്കളെ കടത്തിയെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദിച്ച മുസ്ലിം യുവാവ് മരിച്ചു. ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ സരാഹന്‍ വില്ളേജിലെ ലവാസ ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ സഹാരണ്‍പുര്‍ സ്വദേശി നൊമാന്‍ എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു ഇംറാന്‍ അസ്ഗര്‍ പറഞ്ഞു. ദാദ്രിയില്‍ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് അഖ്ലാഖ് എന്നയാളെ ജനക്കൂട്ടം മര്‍ദിച്ചുകൊന്നതിന്‍െറ ഞെട്ടല്‍ മാറുംമുമ്പാണ് അടുത്ത സംഭവം.
വ്യാഴാഴ്ച പുലര്‍ച്ചെ കന്നുകാലികളുമായി വന്ന ലോറി കേടായപ്പോള്‍ ഡ്രൈവര്‍ തദ്ദേശവാസിയുടെ സഹായം തേടിയതിനെ തുടര്‍ന്നാണ് സംഭവം. ലോറിയില്‍ കന്നുകാലികളാണെന്ന് കണ്ടതോടെ തടിച്ചുകൂടിയ നാട്ടുകാര്‍ ലോറിയിലുണ്ടായിരുന്ന നിഷു, സല്‍മാന്‍, ഗുല്‍സാര്‍, ഗുല്‍ഫാം എന്നിവരെ മര്‍ദിക്കുകയായിരുന്നു. അടുത്തുള്ള വനപ്രദേശത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ തടഞ്ഞുവെച്ച് ചോദ്യംചെയ്തപ്പോഴാണ് ഇവര്‍ക്കു പിന്നാലെ നൊമാന്‍ കാറില്‍ വരുന്നുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് കാത്തുനിന്ന് കാര്‍ തടഞ്ഞ സംഘം നൊമാനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പൊലീസാണ് ഗുരുതര പരിക്കേറ്റ നിലയില്‍ ഇയാളെ കണ്ടത്തെിയത്. സരാഹന്‍ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് സൗമ്യ സാംബശിവന്‍ പറഞ്ഞു. പഞ്ചാബിലെ മലേര്‍കോട്ലയില്‍നിന്ന് വാങ്ങിയ കന്നുകാലികളെ ഇവര്‍ സിര്‍മൗര്‍ വഴി സഹാരണ്‍പുരിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അക്രമത്തിനു പിന്നില്‍ ബംജ്റംഗ്ദള്‍ പ്രവര്‍ത്തകരാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ലോറിയില്‍ 12ഓളം പശുക്കളും കാളകളുമാണ് ഉണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്ന നാലുപേര്‍ക്കെതിരെയും ഗോവധ നിയമം, മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം എന്നിവ ചുമത്തി പൊലീസ് കേസെടുത്തു. ഇവരെ മൂന്നു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.