എന്നെ ഉന്നമിടുന്നത് മുസ് ലിം ആയതിനാല്‍ -നസീറുദ്ദീന്‍ ഷാ

ന്യൂഡല്‍ഹി: ‘എന്‍റെ പേര് നസീറുദ്ദീന്‍ ഷാ. അതുതന്നെയാണ് എന്നെ ഉന്നമിടാന്‍ കാരണമെന്ന് വിശ്വസിക്കുന്നു. അതിയായ വേദനയോടു കൂടിയാണ്  ഇത് പറയുന്നത്. ഇതുവരെയും ഞാന്‍ എന്‍്റെ മുസ്ലിം ഐഡന്‍്റിറ്റിയെ കുറിച്ച് ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല ^രാജ്യം കണ്ട മികച്ച അഭിനേതാക്കളില്‍ ഒരാളായ നസീറുദ്ദീന്‍ ഷായുടേതാണീ വാക്കുകള്‍. ഇന്ത്യാ ടുഡേ ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം വികാരാധീനനായി ഇങ്ങനെ പറഞ്ഞത്.
മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് അഹ്മദ് കസൂരിയുടെ പുസ്തകത്തിന്‍െറ  പ്രകാശനവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് നസീറുദ്ദീന്‍ ഷായുടെ പ്രതികരണം. ആ ചടങ്ങില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇന്ത്യാ വിരുദ്ധനായി ചിത്രീകരിക്കാന്‍ നടന്ന ശ്രമങ്ങള്‍ തന്നെ അമ്പരപ്പിച്ചുവെന്നും താന്‍ പറഞ്ഞ കാര്യങ്ങളുമായി തരിമ്പുപോലും അവക്ക് ബന്ധമില്ളെന്നും ഷാ കൂട്ടിച്ചേര്‍ത്തു. അവിടെ സന്നിഹിതരായിരുന്ന നിരവധി പേര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നേക്കാള്‍ കടുത്ത ഭാഷയില്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, താന്‍ പറഞ്ഞതു മാത്രം വെട്ടിയെടുത്ത് ദേശ വിരുദ്ധനായി ചിത്രീകരിക്കുകയായിരുന്നു. ഇമ്രാന്‍ ഖാന്‍ മഹാനായ വ്യക്തിയാണെന്ന് താന്‍ പറഞ്ഞാല്‍ അതിന്‍െറ അര്‍ഥം സുനില്‍ ഗവാസ്കര്‍ അദ്ദേഹത്തേക്കാള്‍ കഴിവു കുറഞ്ഞ വ്യക്തിയാണെന്നാണോ?

താന്‍ ലാഹോറില്‍ ചെന്നപ്പോള്‍ നല്ല രീതിയില്‍ സ്വീകരിച്ചയാളാണ് കസൂരി. പല തവണ പാകിസ്താനില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ പോയിട്ടുണ്ട്. തന്‍റെ പരിപാടികള്‍ അവിടെ ആരും തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാനതകളേക്കാള്‍ വൈരുധ്യങ്ങളിലേക്ക് നോക്കാനാണ് ജനങ്ങള്‍ക്ക് താല്‍പര്യം. കസൂരിയുടെ പുസ്തക പ്രകാശനവേളയില്‍ അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ ട്വിറ്ററില്‍ അടക്കം വ്യാപക ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന പ്രകാശ ചടങ്ങില്‍ നസീറുദ്ദീന്‍ ഷാക്കു പുറമെ പ്രമുഖ അഭിഭാഷകനും ചരിത്രകാരനുമായ എ.ജി നൂറാനി, മാധ്യമപ്രവര്‍ത്തകനായ ദിലീപ് പദ്ഗോങ്കര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ശിവസേനയുടെ കടുത്ത പ്രതിഷേധത്തിനിടെയായിരുന്നു പുസ്തക പ്രകാശനം.

കഴിഞ്ഞ നാലു തലമുറകള്‍ ആയി എന്‍റെ കുടുംബം ഇവിടെ ഉണ്ട്. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞ നസീറുദ്ദീന്‍ ഷാ തന്‍റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ളെന്നും വ്യക്തമാക്കി.

രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ പുര്സകരങ്ങള്‍ തിരിച്ചു നല്‍കിയല്ല, കൂടുതല്‍ ശക്തമായ രചനകളിലൂടെയാണ് എഴൂത്തുകാര്‍ പ്രതിഷേധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാറിന്‍റെ അസഹിഷ്ണ നിലപാടിലും ഫാഷിസ്റ്റ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രമുഖ എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു ഈ പ്രതികരണം.  പത്മഭൂഷണ്‍, സംഗീത നാടക അക്കാദമി പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ സമ്മാനിക്കപ്പെട്ട പ്രതിഭയാണ് 66കാരനായ നസിറുദ്ദീന്‍ ഷാ.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.