‘മൗനം കുറ്റകരം’; ശശി ദേശ്പാണ്ഡെ സാഹിത്യ അക്കാദമിയില്‍ നിന്ന് രാജി വെച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ഫാഷിസ്റ്റ് കൊലകളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രമുഖ എഴുത്തുകാരി ശശി ദേശ്പാണ്ഡെ കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി അംഗത്വം രാജിവെച്ചു. ‘ഈ നിശബ്ദത അഗാധമായ നിരാശയുളവാക്കുന്നു’ എന്നു പറഞ്ഞാണ് അവരുടെ രാജി. ഡോ. എം.എം കല്‍ബുര്‍ഗി കൊലയോടുള്ള കനത്ത മൗനത്തോട് സാംസ്കാരിക ലോകത്തിന്‍െറ പ്രതിഷേധം ഏറിവരികിയാണ്. ദേശീയ തലത്തില്‍ ഇതിനകം നിരവധി പേര്‍ സാഹിത്യ പുരസ്കാരം ഉപേക്ഷിച്ചു കഴിഞ്ഞു. അതിന്‍െറ തുടര്‍ച്ചയായാണ് ശശി ദേശ്പാണ്ഡെയുടെയും രാജി.
എനിക്കിതില്‍ ഒരുവിധ മനസ്താപവുമില്ല. കേവലം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിലും ഒതുങ്ങാതെ എഴുതാനും പറയാനുമുള്ള ഇന്ത്യന്‍ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അക്കാദമി രംഗത്തിറങ്ങണമെന്നും അവര്‍ പറഞ്ഞു. സാഹിത്യ അക്കാദമി പുരസ്കാര ജേതാവുകൂടിയാണ് ശശി ദേശ്പാണ്ഡെ. 1990ല്‍ എഴുതിയ ‘ദാറ്റ് ലോംഗ് സൈലന്‍സി’നായിരുന്നു പുരസ്കാരം.  2009ല്‍ പദ്മശ്രീ അവാര്‍ഡും ഇവരെ തേടിയത്തെിരുന്നു.
ഏതാനും ദിവസം മുമ്പാണ് സര്‍ക്കാറിന്‍െറ ഫാഷിസ്റ്റ് പ്രീണന നയത്തില്‍ പ്രതിഷേധിച്ച് പ്രമുഖ എഴുത്തുകാരിയും നെഹ്റുവിന്‍െറ സഹോദരീ പുത്രിയുമായ നയന്‍താര സെഹ്ഗലും ലളിത കലാ അക്കാദമി ചെയര്‍മാന്‍ അശോക് വാജ്പേയിയും അക്കാദമി പുരസ്കാരം തിരിച്ചു നല്‍കിയത്. കല്‍ബുര്‍ഗി വധത്തില്‍ പ്രതിഷേധിച്ച് ഹിന്ദി എഴുത്തുകാരനായ ഉദയ് പ്രകാശ് ആണ് പുരസ്കാര തിരസ്കാരത്തിന് തുടക്കം കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.