ഹിന്ദുസ്ഥാനെ ഹിന്ദുരാഷ്ട്രമാക്കാന്‍ അനുവദിക്കരുത് -അഅ്സം ഖാന്‍

ലഖ്നോ:  ബാബരി മുതല്‍ ദാദ്രി വരെ ഇന്ത്യയില്‍ നടക്കുന്ന മാറ്റങ്ങള്‍ ലോകം നീരിക്ഷിക്കുന്നുണ്ടെന്ന് യു.പി മന്ത്രി അഅ്സം ഖാന്‍. ആറു പതിറ്റാണ്ടായി ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിംകള്‍ മറ്റൊരു ഇസ്ലാമിക രാജ്യത്തേക്ക് പോവാന്‍ ഇതുവരെ ആഗ്രഹിച്ചിട്ടില്ല. ഈ രാജ്യത്തിന്‍െറ മതേതര സംവിധാനത്തിലുള്ള വിശ്വാസം കൊണ്ടാണിത്്. പാകിസ്താനിലേക്ക് പറഞ്ഞയക്കും എന്ന് പറഞ്ഞ് മുസ്ലിംകളെ എത്രകാലം ഭീഷണിപ്പെടുത്താന്‍ കഴിയുമെന്ന് അസം ഖാന്‍ ചോദിച്ചു. ഹിന്ദുസ്ഥാനെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ചില ശക്തികളുടെ നീക്കത്തിനെതിരെ മുസ്ലീം സമുദായം പ്രതിഷേധിക്കണമെന്നും അസം ഖാന്‍ ലഖ്നോവില്‍ ആവശ്യപ്പെട്ടു.

ന്യൂന പക്ഷങ്ങള്‍ അക്രമത്തിന്‍െറ മാര്‍ഗം സ്വീകരിക്കരുത്. അതേസമയം, രാജ്യത്തിന്‍െറ മതേതരത്വം തല്ലിക്കെടുത്താനുള്ള നീക്കത്തെ പ്രതിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഗ്നിയെ അഗ്നികൊണ്ട് കെടുത്താനാവില്ല. എന്നാല്‍, മതേതരത്വത്തെ ഇല്ലാതാക്കുന്നവരെ നാം തടയുക തന്നെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് വിദേശത്തുപോയി വിദേശ നിക്ഷേപത്തിന് ആളുകളെ ക്ഷണിക്കുന്നതെന്നും അഅ്സം ഖാന്‍ പരിഹസിച്ചു.

ഗോ മാംസം ഭക്ഷിച്ചതിന് ദാദ്രി സ്വദേശി മുഹമ്മദ് അഖ് ലാഖിനെ വധിച്ച സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസം ഖാന്‍ ഐക്യ രാഷ്ട്ര സഭ സെക്രട്ടറിക്ക്  കത്തയച്ചത് വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി സര്‍ക്കാരിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന കത്തിനെതിരെ സംഘ്പരിവാര്‍ രംഗത്ത് വന്നിരുന്നു. അഅ്സം ഖാനെ മന്ത്രിസഭയില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് ശിവ സേന ആവശ്യപ്പെട്ടിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.