ഇന്ത്യ ശോഭിക്കുന്ന നിക്ഷേപ കേന്ദ്രം -നരേന്ദ്ര മോദി

ബംഗളൂരു: ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യ ലോകത്തിലെ ശോഭിക്കുന്ന നിക്ഷേപകേന്ദ്രമാണെന്നും ചരക്കു സേവന നികുതി (ജി.എസ്.ടി) അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ‘നാസ്കോ’മും ജര്‍മന്‍ ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംഘടിപ്പിച്ച ഇന്ത്യ-ജര്‍മന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും സന്നിഹിതയായിരുന്നു.
ലളിതമായി വ്യവസായം തുടങ്ങാനുള്ള മണ്ണാക്കി ഇന്ത്യയെ ഒരുക്കാനുള്ള ശ്രമങ്ങളിലായിരുന്നു 15 മാസമായി കേന്ദ്രസര്‍ക്കാര്‍. നിക്ഷേപകരുടെ ആശങ്ക നിര്‍ണായക തീരുമാനങ്ങളിലൂടെ ഇല്ലാതാക്കി. പുറത്തുനിന്ന് നിക്ഷേപവും സാങ്കേതികതയും ബൗദ്ധികജ്ഞാനവും സ്വീകരിക്കാന്‍ രാജ്യം സജ്ജമാണ്. വ്യവസായം തുടങ്ങാനും അടിസ്ഥാനസൗകര്യം ഒരുക്കാനുമുള്ള തടസ്സം നീക്കി അംഗീകാരം നല്‍കുന്നതിന് നടപടി അതിവേഗത്തിലാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തേക്ക് ഒഴുകിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 40 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യവസായ ലൈസന്‍സുകളുടെ സമയപരിധി ദീര്‍ഘിപ്പിച്ചു. ചരക്കു സേവന നികുതി ബില്‍ രാജ്യസഭയിലും പാസാക്കി അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. സ്ഥാപനങ്ങളുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ലോക സാമ്പത്തിക ഫോറത്തില്‍ (ഡബ്ള്യു.ഇ.എഫ്) രാജ്യത്തിന്‍െറ സ്ഥാനം ഉയര്‍ന്നു. ജര്‍മനിയുമായി രാജ്യത്തിന് നല്ലബന്ധവും പങ്കാളിത്തവുമാണുള്ളത്. എന്നാല്‍, ഇത് പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ളെന്നും  പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘മേക് ഇന്‍ ഇന്ത്യ’, ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതികള്‍ക്ക് ജര്‍മന്‍ സംരംഭക മാതൃക കരുത്തുപകരുമെന്നും മോദി പറഞ്ഞു.
ഇന്ത്യ ഏഷ്യയുടെ സിലിക്കണ്‍ വാലിയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ പറഞ്ഞു. ഇരുരാജ്യങ്ങളും സമാനരീതിയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. നൈപുണ്യ വികസനത്തില്‍ ഇന്ത്യയുടെ പങ്കാളികളാകാന്‍ ജര്‍മനി ആഗ്രഹിക്കുന്നു. മത്സരക്ഷമതയുള്ള ഇന്ത്യയുടെ കരുത്ത് ഐ.ടിയാണ്. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പരിഷ്കരണ ശ്രമങ്ങള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ജര്‍മന്‍ കമ്പനികളുടെ ഇന്ത്യയിലേക്കുള്ള വരവ് സുഗമമാക്കുന്നതിന്‍െറ ഭാഗമായി ഇരുരാജ്യങ്ങളും അഞ്ചു വ്യാപാര കരാറുകളിലും ഒപ്പിട്ടു. രാവിലെ ഇരു നേതാക്കളും പ്രമുഖ ജര്‍മന്‍ സ്പെയര്‍ പാര്‍ട്സ് നിര്‍മാണ കമ്പനിയായ ബോഷ് സന്ദര്‍ശിക്കാനത്തെിയിരുന്നു.
ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, വ്യവസായ സ്ഥാപന മേധാവികള്‍, ജര്‍മന്‍ മന്ത്രിമാര്‍, വ്യവസായ മേധാവികള്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാത്രി മെര്‍കല്‍ ജര്‍മനിയിലേക്കും മോദി ഡല്‍ഹിയിലേക്കും മടങ്ങി.






 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.