ലഖ്നോ: പശുവിനെ ആരുടെയും അമ്മയായി കാണാനാവില്ലെന്നും അത് നായയെും കുതിരയെയും പോലെ ഒരു മൃഗം മാത്രമാണെന്നും സുപ്രീംകോടതി റിട്ട. ജഡ്ജിയും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍കണ്ഡേയ കട്ജു. ബീഫ് കഴിക്കാനാഗ്രഹിക്കുന്നതില്‍ തെറ്റെന്താണെന്നും ആര്‍ക്കാണ് അത് തടയാന്‍ സാധിക്കുകയെന്നും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഒരു ചടങ്ങിനെത്തിയ കട്ജു വരാണസി വിമാനത്താവളത്തില്‍ ചോദിച്ചു.
ലോകമെമ്പാടുമുള്ള ജനങ്ങള്‍ ബീഫ് കഴിക്കുന്നുണ്ട്. ഇന്ത്യയില്‍ നാഗാലാന്‍റ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളും ബീഫ് കഴിക്കുന്നു. ഞാനും കഴിക്കുന്നുണ്ട് ബീഫ്. അതില്‍ തെറ്റൊന്നും കാണുന്നില്ല. ബീഫ് കഴിക്കുന്ന ആളുകള്‍ മോശക്കാരും ബീഫ് കഴിക്കാത്തവരെല്ലാം വിശുദ്ധരുമാണെന്ന് കരുതാന്‍ സാധിക്കുമോ. ഞാന്‍ ഇനിയും ബീഫ് കഴിക്കുമെന്നും കട്ജു വ്യക്തമാക്കി.
യു.പിയിലെ ദാദ്രിയില്‍ ബീഫ് കഴിച്ചതിന് മുഹമ്മദ് അഖ് ലാഖ് എന്നയാളെ തല്ലിക്കൊന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. രാഷ്ട്രീയക്കാര്‍ ജനങ്ങളെ പൊട്ടന്‍മാരാക്കുകയാണ്. ഇന്ത്യയിലെ അധികം രാഷ്ട്രീയക്കാരും തെമ്മാടികളും ഒന്നിനും കൊള്ളാത്തവരുമാണ്. അത്തരം ആളുകളെ തൂക്കിക്കൊല്ലണം. അവര്‍ രാജ്യത്തെ കൊള്ളയടിച്ചു. ഞാന്‍ ഇവരെ നികൃഷ്ടന്‍മാരായാണ് കരുതുന്നത്. രാജ്യം ഉടന്‍ തന്നെ ഒരു പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുമെന്നും കട്ജു പറഞ്ഞു.
അതേസമയം കട്ജുവിന്‍െറ പ്രസ്താവനക്കെതിരെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. കട്ജു പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബനാറസിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്‍െറ (എം.ജി.കെ.വി) മുന്‍വശത്ത് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കട്ജുവിന്‍െറ കോലം കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.