രാജ്യം ഒരു പാര്‍ട്ടിക്കും പതിച്ചു നല്‍കിയിട്ടില്ലെന്ന്‌ അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: ഓള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍െറ (എം.ഐ.എം) പ്രവര്‍ത്തനം അഖിലേന്ത്യാതലത്തിലേക്ക് വ്യാപിപ്പിക്കുന്നത് മതേതരവോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി പ്രസിഡന്‍റും ലോക്സഭാംഗവുമായ അസദുദ്ദീന്‍ ഉവൈസി. രാജ്യം ഒരു പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടിക്കും പതിച്ചുനല്‍കിയിട്ടില്ല. മുസ്ലിംകളുടെയും മറ്റു പിന്നാക്ക വിഭാഗക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരമ്പരാഗത മതേതരപാര്‍ട്ടികള്‍ പൂര്‍ണ പരാജയമായതുകൊണ്ടാണ് മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് ആ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്.

ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിലനില്‍ക്കാനും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും അവകാശമുണ്ട്. 300 ഭാഷകളും 3540 മതങ്ങളുമുള്ള രാജ്യത്ത് രണ്ടു പാര്‍ട്ടികളെ ഉണ്ടാവാന്‍ പാടുള്ളൂ എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഒരുഭാഗത്ത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന നാഗാ കലാപകാരികളോട് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയാറാകുമ്പോള്‍ മറുവശത്ത് പിന്നാക്കക്കാരുടെയും ദലിതുകളുടെയും പ്രശ്നങ്ങളില്‍ സമാധാനപരമായി ഇടപെടുന്ന തന്‍െറ പാര്‍ട്ടിക്കെതിരെ വര്‍ഗീയത ആരോപിക്കുന്നു. മറ്റു പാര്‍ട്ടികളുടെ പരാജയം ചൂണ്ടിക്കാട്ടുന്നവരെ വര്‍ഗീയവാദികളെന്ന് വിളിക്കുകയാണ്. ഒരു വിഭാഗത്തിനുമെതിരായ രാഷ്ട്രീയവിദ്വേഷം താന്‍ പ്രചരിപ്പിച്ചിട്ടില്ളെന്നും ദുര്‍ബലവിഭാഗങ്ങളുടെ ശാക്തീകരണവും നീതിയും മാത്രമാണ് തന്‍െറ ലക്ഷ്യമെന്നും ഉവൈസി പറഞ്ഞു.

എന്നാല്‍, അടുത്തു നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ മത്സര രംഗത്തുണ്ടാകുമോയെന്ന കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ളെന്ന് ഉവൈസി പറഞ്ഞു. തങ്ങള്‍ മത്സരിക്കണമെന്ന് ബിഹാറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു, ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വരുന്ന എം.ഐ.എം മത്സര രംഗത്തുണ്ടാവുമെന്നും ഉവൈസി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.