കല്‍ബുര്‍ഗിയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കും

ബംഗളൂരു: പ്രമുഖ കന്നട സാഹിത്യകാരനും കന്നട സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കും. കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് സി.ബി.ഐക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ധാര്‍വാഡ് ജില്ലയിലെ വീട്ടില്‍ ഞായറാഴ്ച രാവിലെ അജ്ഞാതരുടെ വെടിയേറ്റാണ് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. കൊലപാതകം സി.ബി.ഐക്ക് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി ബംഗളൂരുവില്‍ പറഞ്ഞു. നേരത്തേ, അന്വേഷണം സി.ഐ.ഡിക്ക് വിടാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. എന്നാല്‍, മന്ത്രിസഭാ യോഗത്തില്‍ ഭൂരിഭാഗവും സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടെടുത്തതോടെയാണ് മുഖ്യമന്ത്രിയും തീരുമാനത്തില്‍ മാറ്റംവരുത്തിയത്. കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതുവരെ കൊലപാതകം സി.ഐ.ഡി അന്വേഷിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൊലപാതകത്തിനു പിന്നാലെ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എ.എസ്. ഗോരിയുടെ നേതൃത്വത്തില്‍ ആറംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു.
ബൈക്കിലത്തെിയ രണ്ടംഗസംഘമാണ് കൊലക്കു പിന്നിലെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുടുംബപ്രശ്നങ്ങളാണ് കൊലക്കു പിന്നിലെന്ന പ്രചാരണങ്ങള്‍ ബന്ധുക്കള്‍ തള്ളിക്കളഞ്ഞു. കര്‍ണാടകയിലെ ജീവന് ഭീഷണിയുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ധാര്‍വാഡ് സര്‍വകലാശാലയില്‍ പൊതുദര്‍ശനത്തിനുവെച്ച കല്‍ബുര്‍ഗിയുടെ മൃതദേഹത്തില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, സൃഹൃത്തുക്കള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനത്തെി. തുടര്‍ന്ന് കോളജില്‍നിന്ന് നൂറുക്കണക്കിന് അനുയായികളുടെ അകമ്പടിയോടെ മൃതദേഹം പ്രത്യേക വാഹനത്തില്‍ സര്‍വകലാശാലയിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൂന്നുമണിയോടെ ഒൗദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
ഭാര്യ ഉമാദേവി, മക്കളായ ശിരിവിജയ, രൂപദര്‍ശിനി, പ്രതിമ, പൂര്‍ണിമ, ബന്ധുക്കള്‍ എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു. തിങ്കളാഴ്ചയും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനെതിരെ സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണകള്‍ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.