മകളുടെ കൊലപാതകം: സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയുടെ ഭാര്യ അറസ്റ്റില്‍

മുംബൈ: മകളെ കൊലപ്പെടുത്തിയ കേസില്‍ ‘സ്റ്റാര്‍ ഇന്ത്യ’ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയും ചാനല്‍ നെറ്റ്വര്‍ക്ക് കമ്പനിയായ ‘9 എക്സ് മീഡിയ’ സ്ഥാപകയുമായ ഇന്ദ്രാണി മുഖര്‍ജിയും ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും  അറസ്റ്റില്‍. ഇവരുടെ മൂത്തമകള്‍ ശീനാ ബോറയെ മൂന്നുവര്‍ഷം മുമ്പ് കൊല്ലാന്‍ ഡ്രൈവര്‍ക്കും കൂട്ടാളിക്കും പണം നല്‍കുകയും കൊന്ന ശേഷം റായിഗഡിലെ വനത്തില്‍ കൊണ്ടുപോയി കത്തിച്ച് തെളിവു നശിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഇന്ദ്രാണിയുടെ മൊഴിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് കൊല്‍ക്കത്തയിലുള്ള ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്നയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇദ്ദേഹത്തെ വ്യാഴാഴ്ച മുംബൈയില്‍ എത്തിക്കും.

മൂന്നു വര്‍ഷമായി മറച്ചുവെച്ച കൊലപാതകത്തെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ദ്രാണിയുടെ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്‍െറ ചുരുളഴിഞ്ഞു. 2012 മുതല്‍ കാണാതായ ശീനാ ബോറ ഇപ്പോള്‍ അമേരിക്കയിലാണെന്നും അവര്‍ തന്‍െറ അനുജത്തിയാണെന്നുമായിരുന്നു അയല്‍ക്കാരെയും രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെയും ഇന്ദ്രാണി ധരിപ്പിച്ചിരുന്നത്. തന്നെ ചോദ്യം ചെയ്ത മുംബൈ പൊലീസ് കമീഷണര്‍ രാകേഷ് മാരിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തോടും ഇതുതന്നെയാണ് അവകാശപ്പെട്ടത്. ഇന്ദ്രാണിയുടെ മകന്‍ മിഖായെല്‍ ബോറ, ശീനയും താനും ഇന്ദ്രാണിയുടെ മക്കളാണെന്ന് പറഞ്ഞ് ബുധനാഴ്ച രംഗത്തുവന്നതോടെയാണ് സത്യം പുറത്തായത്. ശീനയും പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലുള്ള മകന്‍ രാഹുലുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ ഒരുമിച്ച് ബാന്ദ്രയില്‍ താമസവും തുടങ്ങിയിരുന്നു. രാഹുലുമായുള്ള ശീനയുടെ ബന്ധത്തെ ഇന്ദ്രാണി അംഗീകരിച്ചിരുന്നില്ല. ഇക്കാരണത്താല്‍ ശീനയും ഇന്ദ്രാണിയും തമ്മില്‍ ഇടക്കിടെ വഴക്കിട്ടിരുന്നതായും പറയപ്പെടുന്നു.


2002ലാണ് ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും തമ്മില്‍ വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാല്‍, സഞ്ജീവ് ഖന്നയുമയി മുമ്പ് വിവാഹം നടന്നത് പീറ്ററില്‍നിന്ന് മറച്ചുവെച്ച ഇന്ദ്രാണി മക്കളായ ശീനയെയും മിഖായെലിനെയും സഹോദരങ്ങളായാണ് പരിചയപ്പെടുത്തിയത്. മിഖായെലിന്‍െറ വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചുവെന്ന് പീറ്റര്‍ പറഞ്ഞു. ഇന്ദ്രണിയുടെ പശ്ചാത്തലം അന്വേഷിച്ചിരുന്നില്ളെന്നും തങ്ങളുടെ വിവാഹത്തിന് ഇന്ദ്രാണിയുടെ പക്ഷത്തുനിന്ന് ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പീറ്റര്‍ പറഞ്ഞു. ശീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം നഗരത്തില്‍നിന്ന് 85 കിലോ മീറ്റര്‍ അകലെ റായ്ഗഡില്‍ ഫാം ഹൗസിനടുത്തിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയത്. 2012ല്‍ പ്രതി പറഞ്ഞ പ്രദേശത്തുനിന്നും കത്തിക്കരിഞ്ഞ ജഡം കിട്ടിയതായി പൊലീസ് സഥിരീകരിച്ചു. ഇന്ദ്രാണിയുടെ അറസ്റ്റിനു പിന്നാലെ അവരുടെ നാടായ അസമിലേക്കും മുന്‍ ഭര്‍ത്താവിന്‍െറ നാടായ കൊല്‍ക്കത്തയിലേക്കും റായിഗഡിലേക്കും പൊലീസ് സംഘങ്ങളെ അയച്ചിട്ടുണ്ട്. ഇവരുടെ ഫ്ളാറ്റുകള്‍ പൊലീസ് പരിശോധിച്ചു. ഇന്ദ്രാണിയെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.


ശീനയെ കൊണ്ടുപോയത് കൊല്ലാനാണെന്ന് അറിഞ്ഞില്ല ^മിഖായേല്‍
മുംബൈ: ജ്യേഷ്ഠത്തി ശീനയെ തങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത് അമ്മ കൊണ്ടുപോയത് എന്നന്നേക്കുമായി ഇല്ലാതാക്കാനാണെന്ന് കരുതിയില്ളെന്ന് ഇന്ദ്രാണി മുഖര്‍ജിയുടെ മകന്‍ മിഖായേല്‍ ബോറ. ശീന അമേരിക്കയില്‍ പഠിക്കുകയാണെന്നാണ് മൂന്നുവര്‍ഷമായി അമ്മ പറഞ്ഞു പറ്റിച്ചത്. ശീന വിളിക്കുകയോ എസ്.എം.എസ് ചെയ്യുകയോ ഉണ്ടായില്ല. 2013ലാണ് അമ്മ അവസാനമായി ഗുവാഹതിയിലെ വീട്ടില്‍വന്നത്. അന്ന് ശീനയെച്ചൊല്ലി തങ്ങള്‍ തര്‍ക്കിച്ചതാണ്. അന്ന് ഇറങ്ങിപ്പോയ അമ്മ പിന്നെ വന്നിട്ടില്ല. ശീനക്ക് നീതി ഉറപ്പാക്കുകതന്നെ ചെയ്യും -ഗുവാഹതിയിലെ സുന്ദര്‍പുറിലുള്ള വീട്ടിലിരുന്ന് മിഖായേല്‍ പറഞ്ഞു.  
സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി പ്രതിയായ ശീന ബോറ വധക്കേസില്‍ ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന അറസ്റ്റിലാണ്. ശീനയെ വധിക്കാന്‍ ഇന്ദ്രാണിക്ക് സഞ്ജീവ് ഖന്ന സഹായം ചെയ്തതായാണ് കണ്ടത്തെല്‍.
ഇന്ദ്രാണിയുടെ ആദ്യ ബന്ധത്തിലെ മക്കളാണ് ശീനയും മിഖായേലും. കൊല്‍കത്തക്കാരനായ സഞ്ജീവ് ഖന്നയുമായുള്ള ആദ്യ വിവാഹത്തിലെ മക്കളായ ഇരുവരെയും സഹോദരങ്ങളായാണ് മുംബൈയിലെ സുഹൃത്തുക്കളെയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെയും ഇന്ദ്രാണി ധിരിപ്പിച്ചത്. സഞ്ജീവ് ഖന്നയുമായി വഴിപിരിഞ്ഞ് കുരുന്നുകളായിരുന്ന മക്കളെ ഗുവാഹതിയിലെ വ്യവസായ പ്രമുഖനായ  അച്ഛന്‍ ഉപേന്ദ്രകുമാര്‍ ബോറക്കും അമ്മക്കുമൊപ്പം ഉപേക്ഷിച്ചായിരുന്നു ഇന്ദ്രാണി മുംബൈ നഗരത്തിലേക്ക് കുടിയേറിയത്. പീറ്റര്‍ മുഖര്‍ജിയുമായുള്ള വിവാഹശേഷം 2004ലാണ് തങ്ങള്‍ അമ്മയെ കാണുന്നതെന്ന് മിഖായേല്‍ പറഞ്ഞു. അന്ന് അമ്മ ശീനയെ പഠിപ്പിക്കാന്‍ മുംബൈക്ക് കൊണ്ടുപോയി. ബിരുദവും മാനേജ്മെന്‍റ് ട്രെയിനിങും നേടിയ ശീനക്ക് അമേരിക്കയില്‍ ജോലി കിട്ടാനിരിക്കെയാണ് അപ്രത്യക്ഷയായത്.
2012 ഫെബ്രുവരിയിലാണ് ശീന അവസാനമായി തന്നെയും മുത്തച്ഛനെയും മുത്തശ്ശിയെയും കാണാന്‍ എത്തിയതെന്നും പിന്നീട് ഒരു വിവരവുമുണ്ടായിരുന്നില്ളെന്നും മിഖായേല്‍ പറഞ്ഞു. എന്തിനാണ് കൊന്നതെന്ന് അറിയാം.
പൊലീസ് അന്വേഷണം കഴിയട്ടെ, അതിനുശേഷം എല്ലാം തുറന്നുപറയുമെന്നും മിഖായേല്‍ പറഞ്ഞു. ശീനയെ കൊലപ്പെടുത്തി റായ്ഗഡിലെ ഫാം ഹൗസ് പരിസരത്തിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.