ലഖ്നോ: ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതിന് ലഭിച്ച ധീരതക്കുള്ള പരമോന്നത ബഹുമതിയാണ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് ഭട്ടിനെ പിരിച്ചുവിട്ടതെന്ന് ഉത്തര്‍പ്രദേശില്‍ സസ്പെന്‍ഷനിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അമിതാഭ് താക്കൂര്‍. നിസ്സാര നേട്ടങ്ങള്‍ക്കായി പല ഐ.പി.എസ് ഓഫിസര്‍മാരും മുട്ടിലിഴയുമ്പോള്‍ മനസ്സാക്ഷിയോട് കൂറുപുലര്‍ത്തിയതിന് നല്‍കേണ്ടിവന്ന വില അദ്ദേഹത്തിന് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നതില്‍ അഭിമാനം പകരുമെന്നും താക്കൂര്‍ പറഞ്ഞു. ഗുജറാത്ത് കലാപക്കേസുകള്‍ കൈകാര്യം ചെയ്തിരുന്നതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ നോട്ടപ്പുള്ളിയായിരുന്ന ഭട്ടിനെ അനധികൃതമായി സര്‍വിസില്‍നിന്ന് വിട്ടുനിന്നുവെന്ന കാരണം പറഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. അഴിമതിക്കാരനായ മന്ത്രിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് മുലായം സിങ് യാദവ് തന്നെ ഭീഷണിപ്പെടുത്തുന്നതായി താക്കൂറും മുമ്പ് ആരോപിച്ചിരുന്നു. അതേസമയം, സര്‍വിസ് ചട്ടങ്ങള്‍ ലംഘിച്ച് താക്കൂര്‍ നിയമസഭക്കെതിരെ നീങ്ങുകയാണെന്നും പൊതുതാല്‍പര്യ ഹരജികളിലൂടെ വര്‍ഷങ്ങളായി സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കുകയാണെന്നും ഒരു കോണ്‍ഗ്രസ് അംഗം യു.പി നിയമസഭയില്‍ ആരോപിച്ചു. തനിക്കെതിരെയെടുത്ത മാനഭംഗക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് താക്കൂര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചതിനു പിന്നാലെ ജൂലൈ 13നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.