ദാവൂദിന്‍െറ പുതിയ ചിത്രം പുറത്ത്; പാകിസ്താനിലുണ്ടെന്നതിന് കൂടുതല്‍ തെളിവുമായി ഇന്ത്യ

ന്യൂഡല്‍ഹി: അധോലോക നായകനും 1993 ലെ മുംബൈ സ്ഫോടനത്തിന്‍െറ സൂത്രധാരനുമായി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്നതിന് കൂടുതല്‍ തെളിവുമായി ഇന്ത്യ. ദാവൂദ് ഇബ്രാഹിമിന്‍െറ പുതിയ ചിത്രവും പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പും മറ്റു വിവരങ്ങളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ഹിന്ദുസ്താന്‍ ടൈംസ് പത്രം പുറത്തുവിട്ടു.
കറാച്ചിയിലെ ക്ളിഫ്ടണ്‍ റോഡിന് സമീപമാണ് ദാവൂദും കുടുംബവും താമസിക്കുന്നതെന്ന് സുരക്ഷാ ഏജന്‍സികളുടെ കൈയിലുള്ള വിവരം. ഭാര്യ മെഹ്ജാബീന്‍ ശൈഖ്, മകന്‍ മുഈന്‍ നവാസ്, പെണ്‍മക്കളായ മഹ്റുഖ്, മെഹ്റീന്‍,മാസിയ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ കാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്‍െറ മകനാണ് ദാവൂദിന്‍െറ മകള്‍ മഹ്റൂഖിനെ വിവാഹം കഴിച്ചിരിക്കുന്നത്.  ദാവൂദിന്‍െറ ഭാര്യ മെഹ്ജാബീന്‍െറ പേരിലുള്ള 2015 ഏപ്രില്‍ മാസത്തെ ടെലഫോണ്‍ ബില്ലും സുരക്ഷാ ഏജന്‍സികളുടെ കൈയിലുണ്ട്. D13, ബ്ളോക്ക് -4, കറാച്ചി ഡെവലപ്മെന്‍റ് അതോറിറ്റി, ക്ളിഫ്ടണ്‍ എന്നതാണ് ഫോണ്‍ബില്ലിലുള്ള വിലാസം. മൂന്ന് പാസ്പോര്‍ട്ടുള്ള ദാവൂദിന്‍െറ മറ്റ് രണ്ട് വിലാസരവും പുറത്തുവന്നിട്ടുണ്ട്.  ശൈഖ് ദാവൂദ് ഹസന്‍ എന്ന പേരില്‍ ദാവൂദ് ഇബ്രാഹിമിന് ലഭിച്ച പാകിസ്താന്‍ പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പും ഹിന്ദുസ്താന്‍ ടൈംസ് പുറത്തുവിട്ടു.

ദാവൂദിന്‍െറ കുടുംബം കറാച്ചിയില്‍ നിന്ന് ദുബൈയിലേക്കും തിരിച്ചും നിരന്തരം യാത്ര ചെയ്തതിന്‍െറ രേഖകളും സുരക്ഷാ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയില്‍ ദാവൂദ് പാകിസ്താനിലുണ്ടെന്നതിനുള്ള തെളിവുകള്‍ ഇന്ത്യ കൈമാറിയേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.