പ്രധാനമന്ത്രി യു.എ.ഇയില്‍

അബൂദബി: രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിന് യു.എ.ഇയിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേല്‍പ്. ഞായറാഴ്ച പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.55ന് (ഇന്ത്യന്‍ സമയം 4.25) അബൂദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചു. യു.എ.ഇ സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

വിമാനത്താവളത്തില്‍ മോദി അബൂദബി കിരീടാവകാശിയുമായി പ്രാരംഭ ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുമുള്ള പ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നറിയുന്നു. പ്രവാസിവോട്ട്, വിമാന ടിക്കറ്റ് നിരക്ക് കൊള്ള, പ്രവാസി പുനരധിവാസ പദ്ധതി തുടങ്ങി വര്‍ഷങ്ങളായി തങ്ങള്‍ ഉന്നയിക്കുന്ന നിരവധി പ്രശ്നങ്ങളില്‍ മോദി ചില അനുകൂല പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് 26 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍.


1981ല്‍ ഇന്ദിരഗാന്ധിക്കുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇയിലത്തെുന്നത്. മോദിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനം കൂടിയാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യന്‍ ജയശങ്കര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.  3.50ഓടെ താമസസ്ഥലമായ എമിറേറ്റ്സ് പാലസ് പഞ്ചനക്ഷത്ര ഹോട്ടലിലത്തെി വിശ്രമിച്ച മോദി പിന്നീട് യു.എ.ഇയിലെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശിച്ചു.  


തുടര്‍ന്ന് മോദി അബൂദബിയിലെ വ്യവസായ മേഖലയായ മുസഫയിലെ ലേബര്‍ ക്യാമ്പിലത്തെി ഇന്ത്യന്‍ തൊഴിലാളികളുമായി സംസാരിച്ചു. രാത്രി ഏഴുമണിയോടെയാണ് ഐക്കാഡ് റെസിഡന്‍ഷ്യല്‍ സിറ്റിയിലെ തൊഴിലാളി താമസകേന്ദ്രത്തില്‍ മോദി എത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 300 തൊഴിലാളികളുമായി അരമണിക്കൂറിലേറെ ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിച്ചു. രാത്രി ഇത്തിഹാദ് ടവറില്‍ അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി മാനേജിങ് ഡയറക്ടറും രാജകുടുംബാംഗവുമായ ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഒരുക്കിയ വിരുന്നിലും നരേന്ദ്ര മോദി പങ്കെടുത്തു.ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ മോദി ആഹ്വാനം ചെയ്തു.


തിങ്കളാഴ്ച രാവിലെ അബൂദബിയിലെ കാര്‍ബണ്‍ രഹിത നഗരമായ മസ്ദര്‍ സിറ്റി സന്ദര്‍ശിച്ചശേഷം ദുബൈയിലത്തെുന്ന മോദി ഒബ്റോയ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹം നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും. വൈകീട്ട് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന  സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം അരലക്ഷത്തോളം ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. നരേന്ദ്ര മോദി തിങ്കളാഴ്ച രാത്രി ഇന്ത്യയിലേക്ക് തിരിക്കും.
25 ലക്ഷത്തോളം ഇന്ത്യക്കാര്‍ അധിവസിക്കുന്ന യു.എ.ഇയിലേക്ക് 34 വര്‍ഷത്തിനുശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിന് പ്രവാസിസമൂഹവും രാഷ്ട്രീയ-വാണിജ്യ കേന്ദ്രങ്ങളും വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. അധികാരമേറ്റടെുത്തശേഷം നരേന്ദ്ര മോദിയുടെ ഗള്‍ഫ് മേഖലയിലേക്കുള്ള ആദ്യ യാത്രകൂടിയാണിത്.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.