ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച് സോവിയറ്റ് രഹസ്യാന്വേഷണ ഏജന്‍സിയായ കെ.ജി.ബി എന്തെങ്കിലും വിവരം ശേഖരിച്ചിരുന്നോ എന്ന് വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നേതാജിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ നീക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലത്തെിയ ബി.ജെ.പി സര്‍ക്കാറും നേതാജി മരണപ്പെട്ടെന്ന് പറയപ്പെടുന്ന വിമാനാപകടത്തിന് 70 വര്‍ഷങ്ങള്‍ തികയുമ്പോഴും വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
നേതാജി സോവിയറ്റ് യൂനിയനില്‍ തങ്ങിയിരുന്നതായി എന്തെങ്കിലും വിവരങ്ങള്‍ കെ.ജി.ബി ശേഖരിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ റഷ്യയോട് ആവശ്യപ്പെടണമെന്ന് 1996 ജനുവരി 12ന് അന്നത്തെ വിദേശകാര്യ ജോയന്‍റ് സെക്രട്ടറി ആര്‍.എല്‍. നാരായണന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന് കാണിച്ച് അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ഫയലില്‍ രേഖപ്പെടുത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറിയോടും ആര്‍.എല്‍. നാരായണനോടും നിര്‍ദേശിക്കുകയും ചെയ്തിരുന്നു.ഇതില്‍ സ്വീകരിച്ച തുടര്‍നടപടികളുടെ വിവരങ്ങള്‍ അന്വേഷിച്ച് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിഷയമായതിനാല്‍ മറുപടി നല്‍കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയായിരുന്നു ആദ്യം നല്‍കിയിരുന്നതെങ്കിലും വീണ്ടും അപേക്ഷ നല്‍കിയതോടെ വിവരങ്ങള്‍ നല്‍കാനാവില്ളെന്ന് നിലപാട് മാറ്റുകയായിരുന്നു. ഇന്‍റര്‍നെറ്റിലടക്കം ലഭ്യമായ ആര്‍.എല്‍ നാരായണന്‍െറ കത്തും രഹസ്യരേഖയാണെന്നാണ് മന്ത്രാലയത്തിന്‍െറ നിലപാട്. നേതാജിയുടെ തിരോധാനം സംബന്ധിച്ച ഫയലുകള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് കേന്ദ്ര വിവരാവകാശ കമീഷണര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനോട് അടുത്തിടെ വിശദീകരണം തേടിയിരുന്നു. ഇത് സംബന്ധിച്ച മറ്റൊരു കേസില്‍ ഈ മാസം 26ന് വാദം തുടങ്ങാനിരിക്കുകയുമാണ്.
പുരാവസ്തു രേഖകളില്‍ നേതാജിയെ സംബന്ധിച്ച വിവരങ്ങളില്ലെന്ന് 1992 ജനുവരിയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ കത്തില്‍ പറയുന്നതായി ആര്‍.എല്‍. നാരായണന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 1953ന് ശേഷമുള്ള കാര്യങ്ങള്‍ മാത്രമാണ് റഷ്യ പരിശോധിച്ചതെന്നതിനാല്‍ റഷ്യന്‍ഭരണകൂടം രഹസ്യമായി സൂക്ഷിച്ചിരുന്ന സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിലെ രഹസ്യാന്വേഷണ രേഖകളിലോ അതിന് ശേഷമുള്ള സര്‍ക്കാര്‍, പോളിറ്റ്ബ്യൂറോ റിപ്പോര്‍ട്ടുകളിലോ നേതാജിയെ സംബന്ധിച്ച വിവരങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു നാരായണന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. അതീവ രഹസ്യമായി റഷ്യ സൂക്ഷിക്കുന്ന ഈ രേഖകള്‍ പരിശോധിക്കാന്‍ ഇന്ത്യയില്‍നിന്നുള്ള ഗവേഷകരെ അനുവദിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ റഷ്യന്‍ ഭരണകൂടത്തോട് തന്നെ ഇക്കാര്യം പരിശോധിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെടണമെന്നായിരുന്നു നിര്‍ദേശം.
1945 ആഗസ്റ്റ് 18ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഇന്നത്തെ തായ് വാനില്‍ തകര്‍ന്നുവീണ വിമാനത്തില്‍ നേതാജി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ജപ്പാന്‍ റേഡിയോയാണ് പുറത്തുവിട്ടത്. എന്നാല്‍, സംഭവത്തിന് ഒരു തെളിവുകളുമില്ലാത്തതിനാല്‍ നേതാജി മരണപ്പെട്ടില്ലെന്നും തിരിച്ചുവരുമെന്നും അദ്ദേഹത്തിന്‍െറ അനുയായികളും കുടുംബാംഗങ്ങളും വാദിച്ചു. സോവിയറ്റ് യൂനിയനിലെ ലേബര്‍ ക്യാമ്പില്‍ അദ്ദേഹം അകപ്പെടുകയായിരുന്നെന്നും അതല്ല 1969ല്‍ പാരീസില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടതായുമൊക്കെയുള്ള വിവിധ വിശദീകരണങ്ങള്‍ പലഘട്ടത്തില്‍ പുറത്തുവന്നു. സര്‍ക്കാര്‍ നിയോഗിച്ച മൂന്ന് അന്വേഷണ കമീഷനുകള്‍ക്കും സംഭവത്തിലെ ദുരൂഹത നീക്കാനായില്ല. ലോകത്തിന്‍െറ പലഭാഗങ്ങളിലും നേതാജിയെ കണ്ടതായി പലരെയും ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.