ഹരിയാനയില്‍ ഫാക്ടറി തൊഴിലാളിയെ റോബോട്ട് കൊന്നു

ഗുഡ്ഗാവ്: ഹരിയാനയില്‍ ഫാക്ടറി തൊഴിലാളിയെ റോബോട്ട് കൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശി റാംജിലാല്‍ (24) ആണ് ദാരുണമായി ജീവന്‍ വെടിഞ്ഞത്. മനേസറിലുള്ള എസ്.കെ.എച്ച് മെറ്റല്‍സ് ഫാക്ടറിയില്‍ ബുധനാഴ്ചയാണ് സംഭവം. മെറ്റല്‍ ഷീറ്റുകള്‍ വെല്‍ഡ് ചെയ്യുന്ന റോബോട്ടാണ് കൊലയാളിയായത്. റോബോട്ടില്‍ ഷീറ്റ് കുടുങ്ങിയതിനെ തുടര്‍ന്ന് പരിശോധിക്കാനായി ശ്രമിച്ചപ്പോഴായിരുന്നു അപകടം. റോബോട്ടിന്‍െറ മൂര്‍ച്ചയേറിയ വെല്‍ഡിങ് സ്റ്റിക്ക് റാംജി ലാലിന്‍െറ വയര്‍ കീറുകയായിരുന്നെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം റോബോട്ടില്‍ നിന്നും ഷോക്കേറ്റതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്ന കമ്പനിയില്‍ 63 ജോലിക്കാരും 39 റോബോട്ടുകളും ജോലിചെയ്യുന്നുണ്ട്.

ഈ വര്‍ഷം ജൂലൈയില്‍ ജര്‍മനിയിലെ ഫോക്സ് വാഗണ്‍ പ്ളാന്‍റില്‍ സമാന രീതിയിലുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. റോബോട്ടുകള്‍ക്കൊപ്പം ജോലി ചെയ്യുന്ന ഫാക്ടറി തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് ആഗോളതലത്തില്‍ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു ഈ സംഭവം.






 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.