വിലയെച്ചൊല്ലി തര്‍ക്കം; റാഫേല്‍ പോര്‍ വിമാന ഇടപാട് ചര്‍ച്ച വഴിമുട്ടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെ പ്രഖ്യാപിച്ച  ഇന്ത്യ^ഫ്രാന്‍സ് റാഫേല്‍ പോര്‍വിമാന ഇടപാട് ചര്‍ച്ച  വഴിമുട്ടി.  മാസങ്ങള്‍ നീണ്ട ചര്‍ച്ചക്കുശേഷവും ഇരുപക്ഷത്തിനും സ്വീകാര്യമായ കരാര്‍ രൂപപ്പെടുത്താനായിട്ടില്ല. വിലയെക്കുറിച്ചാണ് പ്രധാന തര്‍ക്കം.  ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥയാണ് മറ്റൊരു തടസ്സം.

ഫ്രഞ്ച് കമ്പനി ദസ്സൗല്‍ട്ട് എവിയേഷനാണ് റാഫേല്‍ പോര്‍വിമാനം നിര്‍മിക്കുന്നത്. ഫ്രഞ്ച് സൈന്യത്തിന് നല്‍കുന്ന അതേവിലക്ക് വിമാനം നല്‍കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.  എന്നാല്‍, ഈയിടെ ഈജിപ്തിന് നല്‍കിയ വിലക്ക്  ഇന്ത്യക്കും വിമാനം നല്‍കാമെന്നാണ് കമ്പനി നിലപാട്. 24 വിമാനങ്ങള്‍ 5.2 ബില്യണ്‍ യൂറോവിന് നല്‍കാനാണ് ഈജിപ്തുമായി ഫ്രാന്‍സ് ഒപ്പുവെച്ച കരാര്‍.  

എന്നാല്‍, പ്രസ്തുത വില ഇന്ത്യ അംഗീകരിച്ചിട്ടില്ല.  വ്യോമസേനയുടെ ആധുനീകരണത്തിന്  36 റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് പ്രഖ്യാപിച്ചത്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ഏറെനാള്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇടപാട് മോദി ഇടപെട്ട് വേഗത്തിലാക്കുകയായിരുന്നു.  എന്നാല്‍, മേക് ഇന്‍ ഇന്ത്യ കാമ്പയിന്‍ തുടങ്ങിവെച്ച മോദി സര്‍ക്കാര്‍ റാഫേല്‍ വിമാനം ഇറക്കുമതി ചെയ്യുന്നതിലൂടെ ‘മേക് ഫോര്‍ ഇന്ത്യ’ നയമാണ് നടപ്പാക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നു.  ഇതോടെയാണ് 30 ശതമാനമെങ്കിലും ഇന്ത്യന്‍ നിര്‍മിതമായിരിക്കണമെന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. മാത്രമല്ല, ചില  ആധുനിക പടക്കോപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യം വേണമെന്ന നിര്‍ദേശം വ്യോമസേന മുന്നോട്ടുവെക്കുകയും ചെയ്തു. ഇതനുസരിച്ചുള്ള ഡിസൈന്‍ മാറ്റങ്ങളും ‘മേക് ഇന്‍ ഇന്ത്യ’ വ്യവസ്ഥകളും പാലിക്കുമ്പോഴുള്ള ചെലവ് കണക്കാക്കിയാണ് ഇപ്പോള്‍  കൂടുതല്‍ വില ചോദിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

ഫ്രഞ്ച് സര്‍ക്കാറും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്. വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു മാസത്തിനകം ധാരണയാകുമെന്നാണ് മേയ് ആദ്യവാരം  പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞത്.
എന്നാല്‍,  ആഗസ്റ്റ് പകുതിയാകുമ്പോഴും ചര്‍ച്ച വഴിമുട്ടിനില്‍ക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.