രാഹുലിന്‍െറ 'ഹിംഗ്ലീഷ്' കുറിപ്പ് വൈറലാകുന്നു

ന്യൂഡല്‍ഹി: ബുധനാഴ്ച ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും എതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയാറാക്കിയ 'ഹിംഗ്ലീഷ്' കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു പത്ര ഫോട്ടോഗ്രാഫറാണ് ഇംഗ്ളീഷില്‍ രാഹുല്‍ തയാറാക്കിയ ഹിന്ദി പ്രസംഗക്കുറിപ്പിന്‍െറ ചിത്രം പുറത്തുവിട്ടത്.

മോദിയെയും സുഷമയെയും ആക്രമിക്കാന്‍ ഉപയോഗിച്ച ഹിന്ദി വാക്കുകളും വരികളും ഇംഗ്ളീഷിലാണ് രാഹുല്‍ എഴുതിയിട്ടുള്ളത്. ഹിന്ദിയിലുള്ള പ്രയോഗങ്ങള്‍ ഇംഗ്ളീഷില്‍ എഴുതിയ രാഹുലിനെ പരിഹസിക്കുന്ന ട്വീറ്റുകളും പോസ്റ്റുകളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പ്രസംഗ പാടവം പുറത്തു കാണിക്കാന്‍ രാഹുല്‍ തയാറാക്കിയത് "ചീറ്റ് ഷീറ്റാ"ണെന്നാണ് ഒരു ട്വീറ്റ്. "അമ്മ സോണിയയുടെ മകന്‍ തന്നെയാണ് രാഹുല്‍ എന്ന്" മറ്റൊരു ട്വീറ്റില്‍ പരിഹസിക്കുന്നു. രാഹുലിന്‍െറ കുറിപ്പ് തന്‍െറ കോളജ് കാലത്തെ ഓര്‍മപ്പെടുത്തുന്നുവെന്നും ഇത്തരത്തില്‍ കുറിപ്പ് തയാറാക്കിയായിരുന്നു താന്‍ അന്ന് പ്രസംഗിച്ചിരുന്നതെന്നും വോറൊരു ട്വീറ്റില്‍ പറയുന്നു.

അതേസമയം, രാഹുലിനെ പിന്തുണച്ചും ട്വീറ്റുകള്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഹിന്ദിയില്‍ പ്രസംഗ കുറിപ്പ് തയാറാക്കാത്തത് വലിയ വിഷയമല്ളെന്നും ഒരാളുടെ വ്യക്തിപരമായ കാര്യമാണിതെന്നും "വിത്ത് രാഹുല്‍ ഗാന്ധി" എന്ന ട്വിറ്റര്‍ പേജില്‍ വിശദീകരിക്കുന്നു.

നേപ്പാള്‍ ഭൂകമ്പത്തില്‍ ദുഃഖം രേഖപ്പെടുത്തി മൊബൈല്‍ ഫോണില്‍ രാഹുല്‍ സന്ദേശം ടൈപ്പ് ചെയ്യുന്നതിന്‍െറ ചിത്രവും നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.