മുംബൈ: സ്ത്രീധനപീഡന കേസില്‍ പ്രതിയായ മുംബൈ ആള്‍ദൈവം രാധേ മാ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. തനിക്കെതിരെ കേസുകളില്ളെന്നും ആരെക്കുറിച്ചും തനിക്ക് പരാതിയില്ളെന്നും ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാധേ മാ വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരെല്ലാം രാവണനെ പോലെ പെരുമാറുന്നുവോ അവര്‍ സ്വയം നശിക്കും. പൊലീസുമായി സഹകരിക്കും. അവരും എന്‍െറ ഭക്തരാണ്. എല്ലാ ഭക്തന്മാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ടെന്നും രാധേ മാ പറഞ്ഞു. സത്യം ജയിക്കും. സത്യം സുന്ദരമാണ്. ശിവന്‍ സത്യത്തിന്‍െറ പ്രതിരൂപമാണ്. സാമൂഹ്യ സേവനത്തിനാണ് താന്‍ ജീവിതം ഉഴിഞ്ഞുവെക്കുന്നതെന്നും ദൈവം വിജയം നല്‍കുമെന്നും രാധേ മാ അവകാശപ്പെടുന്നു.
ഐ.പി.സി 498എ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ത്രീധന പീഡന കേസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് രാധേ മാ അടക്കം ആറുപേര്‍ക്ക് സമന്‍സ് അയച്ചിരുന്നു. ശിഷ്യയായിരുന്ന നിഗി ഗുപ്തയെ സ്ത്രീധനം കുറഞ്ഞു പോയ കാരണത്താല്‍ രാധേ മാ പീഡിപ്പിച്ചെന്നാണ് കേസ്. നിഗിയുടെ വിവാഹത്തിന് വരന്‍െറ ഭാഗത്തു ചേര്‍ന്ന രാധേ മാ ഏഴു ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടെന്നാണ് പൊലീസില്‍ നല്‍കിയിട്ടുള്ള പരാതി. നിഗിയെ കൂടാതെ ശിഷ്യനായിരുന്ന ജലന്ധര്‍ സ്വദേശി സുരേന്ദ്ര മിത്തലും രാധേ മാക്കെതിരെ പീഡനാരോപണം ഉന്നയിച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ മുംബൈയിലെ ത്തിയ സുഖ് വീന്ദര്‍ കൗര്‍ എന്ന രാധേ മാ ബോറിവലിയില്‍ ആശ്രമം സ്ഥാപിച്ച് ഭജനും സദ്സംഗുകളും നടത്തിയാണ് ആയിരക്കണക്കിന് അനുയായികളെ ഉണ്ടാക്കിയത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നിയുക്ത ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്‍, ബോളിവുഡ് സംവിധായകന്‍ സുഭാഷ് ഗായ്, മനോജ് തിവാരി അടക്കം പ്രാദേശിക രാഷ്ട്രീയ നേതാക്കളും ബോളിവുഡിലെ പ്രമുഖരും ആള്‍ ദൈവത്തിന്‍െറ അനുയായികളാണ്. പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലെ അനുയായികള്‍ക്ക് അനുഗ്രഹം നല്‍കാന്‍ സ്വന്തം ഹെലികോപ്ടറിലായിരുന്നു യാത്ര. ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ഭാഗ്യരത്നങ്ങളും രുദ്രാക്ഷങ്ങളും വിറ്റഴിച്ച് കോടികളുടെ സ്വത്താണ് 23കാരിയായ ആള്‍ദൈവം സമ്പാദിച്ച് കൂട്ടിയത്.
ചുവന്ന മിനിസ്കര്‍ട്ടും കൂളിങ് ഗ്ളാസും ധരിച്ച് ഹിന്ദി ഗാനത്തോടൊപ്പം രാധേ മാ ഷോപ്പിങ് മാളില്‍ നൃത്തംവെക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.