സേഷാചലം കൂട്ടക്കൊല: കുടുംബാംഗങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ജോലി നല്‍കി



ചെന്നൈ: ചന്ദന കള്ളക്കടത്തുകാരെന്നാരോപിച്ച് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സേഷാചലം വനമേഖലയില്‍ പൊലീസ് വെടിവെച്ചുകൊന്ന 20 പേരുടെ കുടുംബാംഗങ്ങള്‍ക്ക് തമിഴ്നാട്സര്‍ക്കാര്‍ ജോലി നല്‍കി. സാമൂഹികക്ഷേമ വകുപ്പില്‍ അസിസ്റ്റന്‍റ് കുക്, അങ്കണവാടി സഹായി എന്നീ ജോലികളിലാണ് നിയമിച്ചത്. മുഖ്യമന്ത്രി ജയലളിത സെക്രട്ടേറിയറ്റില്‍ ബന്ധുക്കള്‍ക്ക് നേരിട്ട് നിയമന ഉത്തരവ് കൈമാറി. മുമ്പ് മൂന്നു ലക്ഷം രൂപവീതം ആശ്വാസ ധനസഹായമായി തമിഴ്നാട്സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 17ന് നടന്ന സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ 20 പേരാണ് ആന്ധ്ര പൊലീസിന്‍െറ വെടിയേറ്റ് വനത്തില്‍ കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നെന്നാണ് ആരോപണം. തിരുവണ്ണാമലൈ, ധര്‍മപുരി, സേലം ജില്ലകളില്‍പെട്ട ഗോത്രവര്‍ഗക്കാരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കത്ത് നല്‍കിയിരുന്നു.  എന്നാല്‍, അനുകൂലതീരുമാനം ഉണ്ടായിട്ടില്ല.
കൂട്ടക്കൊല കേസ് അന്വേഷിക്കാന്‍ ആന്ധ്ര നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തോട് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അവരുടെ വീടുകളില്‍ചെന്ന് കണ്ട് മൊഴി രേഖപ്പെടുത്താന്‍ ആന്ധ്ര ഹൈകോടതി നിര്‍ദേശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.