ഇന്ത്യന്‍ ജവാന്മാരെ വധിച്ച ഉസ്മാന്‍ ഖാന്‍ തങ്ങളുടെ പൗരനല്ലെന്ന്‌ പാകിസ്താന്‍

ഇസ് ലാമാബാദ്: ഉധംപുരില്‍ രണ്ട്  ബി.എസ്.എഫ് ജവാന്മാരെ വധിച്ച തീവ്രവാദി ഉസ്മാന്‍ ഖാന്‍ തങ്ങളുടെ പൗരനല്ളെന്ന് പാകിസ്താന്‍. പാകിസ്താന്‍െറ ഡേറ്റാബേസ് ആന്‍ഡ് രജിസ്ട്രേഷന്‍ അതോറിറ്റി (എന്‍.എഡി.ആര്‍.എ) ആണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍ക്കാര്‍തല സംവിധാനമാണ് എന്‍.എഡി.ആര്‍.എ. തീവ്രവാദി ആക്രമണത്തിന് പിന്നില്‍ ഉസ്മാന്‍ ഖാന്‍ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജൂലൈ എട്ടിനാണ് തീവ്രവാദികളായ ഉസ്മാന്‍ ഖാനും മോമിന്‍ ഖാനും ഉധംപുരില്‍ ബി.എസ്.എഫ് വാഹന വ്യൂഹത്തിനുനേരെ ആക്രമണം നടത്തിയത്. ഇതില്‍ മോമിന്‍ ഖാന്‍ സൈന്യത്തിന്‍െറ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തുന്നതിന് 12 ദിവസം മുമ്പാണ് ഉസ്മാന്‍ ഖാന്‍ ഇന്ത്യയിലെത്തിയത്.

ജീവനോടെ പിടിയിലായ ഉടന്‍ 20 വയസ് എന്ന് പറഞ്ഞ ഉസ്മാന്‍ പിന്നീട് 16 എന്നാക്കി. പേര് കാസിം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മുഹമ്മദ് നവാദ് എന്നും ഉസ്മാന്‍ എന്നും തിരുത്തുകയും ചെയ്തിരുന്നു. അജ്മല്‍ കസബിനുശേഷം ആദ്യമായാണ് ഒരു പാക് തീവ്രവാദി ഇന്ത്യയില്‍ പിടിയിലാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.