അദാനിയുടെ ആസ്ട്രേലിയന്‍ കല്‍ക്കരി ഖനന പദ്ധതിക്ക് വീണ്ടും തിരിച്ചടി

മെല്‍ബണ്‍: ആസ്ട്രേലിയയില്‍ ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഖനന പദ്ധതി തുടങ്ങാനുള്ള ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുടെ നീക്കത്തിന്  വീണ്ടും തിരിച്ചടി. പരിസ്ഥിതി അനുമതി കോടതി റദ്ദാക്കിയതിന് പിന്നാലെ പദ്ധതിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ആസ്ട്രേലിയ പിന്മാറി. 1630 കോടി ഡോളറിന്‍െറ പദ്ധതിക്ക് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ നല്‍കിയ പരിസ്ഥിതി അനുമതി കഴിഞ്ഞ ദിവസമാണ് കോടതി റദ്ദാക്കിയത്. ക്വീന്‍സ്ലന്‍ഡിലെ കാമിക്കേല്‍ കല്‍ക്കരി ഖനന പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരത്തിലാണ്.

ആസ്ട്രേലിയയിലെ ഏറ്റവും വലിയ ബാങ്കാണ് കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ആസ്ട്രേലിയ. കമ്പനിക്ക് ഇനിയും ഒട്ടേറെ അനുമതി ലഭിക്കാനുള്ളതിനാല്‍ ഉപദേഷ്ടാവ് എന്ന പദവിയില്‍നിന്ന് പിന്മാറുകയാണെന്നും ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ളെന്നും ബാങ്കിന്‍െറ വക്താവ് അറിയിച്ചു. കോമണ്‍വെല്‍ത്ത് ബാങ്ക് ഒഴിവായതോടെ കല്‍ക്കരി ഖനന പദ്ധതിക്ക് ധനസഹായം ലഭിക്കാനുള്ള വഴിയുമാണ് അടയുന്നത്.

ആസ്ട്രേലിയയില്‍ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിലൊന്നാണ് കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ആസ്ട്രേലിയ. സര്‍ക്കാറിന്‍െറ വിവിധ അനുമതികള്‍ വൈകുന്നതും പരിസ്ഥിതി അനുമതി റദ്ദാക്കിയതും നഷ്ടസാധ്യതയും പരിഗണിച്ചാണ് ബാങ്ക് പിന്മാറിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അലങ്കാരസര്‍പ്പങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവികളുടെ വംശനാശ പ്രശ്നങ്ങള്‍ പരിഗണിക്കാതെയാണ് പദ്ധതിക്ക് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് പരിസ്ഥിതി അനുമതി റദ്ദാക്കിയ കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സര്‍ക്കാറിന്‍െറ വിവിധ അനുമതികള്‍വൈകുന്നതിനാല്‍ ബാങ്കുമായുള്ള ബന്ധം അവസാനിപ്പിച്ചതാണെന്ന് അദാനി കമ്പനി വക്താവ് അറിയിച്ചു. അതേസമയം, ബാങ്കിന്‍െറ തീരുമാനത്തെ ആസ്ട്രേലിയയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതംചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെയാണ് അദാനിക്ക് കല്‍ക്കരി ഖനന പദ്ധതി ലഭിച്ചത്. നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്താണ് അദാനി. പദ്ധതിക്ക് 6000 കോടി രൂപ അനുവദിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനവും വിവാദമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.