രാജ്യത്ത് 857 അശ്ലീല സൈറ്റുകളുടെ നിരോധം നിലവില്‍ വന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 857 അശ്ലീല (പോണ്‍) വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന അറിയിപ്പ് ലഭിച്ചതായി ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ സ്ഥിരീകരിച്ചു. ജൂണ്‍ 31നാണ് ഇക്കാര്യമറിയിച്ച് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സിന് (ഐ.എസ്.പി) കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം നോട്ടീസ് നല്‍കിയത്. ഐ.ടി നിയമത്തിലെ 69 എ ഉപയോഗിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബി.എസ്.എന്‍.എല്‍, വൊഡാഫോണ്‍, എം.ടി.എന്‍.എല്‍, എ.സി.ടി, ഹാത്ത്വെഎന്നീ കമ്പനികളാണ് അശ്ലീല വിഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം സൈറ്റുകള്‍ വിളിക്കുന്നവര്‍ക്ക് അധികൃതരുടെ നിര്‍ദേശമനുസരിച്ച് ഈ സൈറ്റുകള്‍ നിര്‍ത്തലാക്കിയിരിക്കുന്നുവെന്ന അറിയിപ്പാണ് സേവനദാതാക്കള്‍ നല്‍കുന്നത്.

എന്നാല്‍, എയര്‍ടെല്‍, ടാറ്റാ ഫോട്ടോണ്‍ എന്നീ കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. അതേസമയം, വിഷയം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍െറ തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രധാന വിമര്‍ശം.

അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന ഹരജി സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കെയാണ് കേന്ദ്ര നടപടി. സ്വകാര്യമായി ഇത്തരം സൈറ്റുകള്‍ കാണുന്നത് നിരോധിക്കുന്നത് ആര്‍ട്ടിക്ക്ള്‍ 21ന്‍െറ ലംഘനമാണെന്ന് ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏതാണ്ട് നാലു കോടി അശ്ലീല സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍െറ കണക്ക്. ഇവയില്‍ ഭൂരിപക്ഷവും വിദേശത്തുനിന്ന് പ്രവര്‍ത്തിപ്പിക്കുന്നവയായതുകൊണ്ട് ഇത്തരം സൈറ്റുകള്‍ നിരോധിക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാറിന്‍െറ നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.