രാജി വിവാദമായി; പ്രസ്താവന പിന്‍വലിക്കാതെ അനൂപ് സുരേന്ദ്രനാഥ്

ന്യൂഡല്‍ഹി: യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് മലയാളിയായ സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ അനൂപ് സുരേന്ദ്രനാഥ് രാജിവെച്ച വാര്‍ത്തയുടെ പ്രത്യാഘാതമെന്നോണം നിഷേധവുമായി സുപ്രീംകോടതി രംഗത്ത്. യാക്കൂബ് മേമന്‍െറ വധശിക്ഷയുടെ പേരിലോ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷയില്‍ പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവിന്‍െറ പേരിലോ അല്ല അനൂപ് സുരേന്ദ്രനാഥ് രാജിവെച്ചതെന്ന് സെക്രട്ടറി ജനറല്‍ വി.എസ്.ആര്‍ അവധാനി ഞായറാഴ്ച പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. സെക്രട്ടറി ജനറലിന്‍െറ നിഷേധത്തിനുശേഷവും ഫേസ്ബുക്കിലെ തന്‍െറ സ്റ്റാറ്റസ് പിന്‍വലിക്കാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അനൂപ്.
ഇലക്ട്രോണിക്, പത്രമാധ്യമങ്ങള്‍ അനൂപിന്‍െറ രാജി വളച്ചൊടിക്കുകയായിരുന്നുവെന്ന് സെക്രട്ടറി ജനറല്‍ കുറ്റപ്പെടുത്തി. ഇതു ശരിയല്ളെന്ന് മാത്രമല്ല, അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതുകൂടിയാണ്. യഥാര്‍ഥത്തില്‍ നാഷനല്‍ ലോ യൂനിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റിയായ അനൂപ് സുരേന്ദ്രനാഥിന്‍േറത് ഡെപ്യൂട്ടേഷനിലുള്ള ഹ്രസ്വകാല നിയമനമായിരുന്നുവെന്ന് കുറിപ്പ് തുടര്‍ന്നു. ജൂലൈ 31ന്  സ്വന്തം അപേക്ഷ പ്രകാരം അദ്ദേഹം  മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോകുകയാണ്  ചെയ്തത്.  ഗവേഷണപദ്ധതികളില്‍ കൂടുതല്‍ വ്യാപൃതനാകണമെന്ന താല്‍പര്യ പ്രകാരമാണിത്. സുപ്രീംകോടതിക്ക് അയച്ച കത്തില്‍ അദ്ദേഹം  ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് പരിശോധിക്കാവുന്നതാണെന്നും അതിനാല്‍, പൊതുസമൂഹത്തിന് മുമ്പാകെ വളച്ചൊടിച്ച രീതിയില്‍ വന്ന വാര്‍ത്ത തിരുത്തിക്കൊടുക്കണമെന്നും സെക്രട്ടറി ജനറല്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. രാജിക്കത്തിന്‍െറ പകര്‍പ്പും വാര്‍ത്താക്കുറിപ്പിനൊപ്പം പുറത്തുവിട്ടു.
താല്‍പര്യമുള്ള ഗവേഷണത്തിനും താനുള്‍പ്പെട്ട മറ്റു പദ്ധതികള്‍ക്കുമായി മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നതിനായി ഡെപ്യൂട്ടി രജിസ്ട്രാര്‍ സ്ഥാനം രാജിവെക്കുകയാണെന്നാണ് സുപ്രീംകോടതി രജിസ്ട്രാര്‍ക്കുള്ള കത്തിലുള്ളത്. ഈ വിഷയം സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷം നല്‍കിയ ആശ്ചര്യകരമായ അവസരത്തിന് നന്ദിപറയുന്നുവെന്നും രാജിക്കത്ത് തുടര്‍ന്നു. സുപ്രീംകോടതിയെ ഏറ്റവും നന്നായി മനസ്സിലാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചതെന്നും അതിനെന്നെന്നും നന്ദിയുള്ളവനായിരിക്കുമെന്നും പറഞ്ഞാണ് അനൂപ് രാജിക്കത്ത് അവസാനിപ്പിക്കുന്നത്. രാജിവിവരം ‘മാധ്യമ’ത്തോട് സ്ഥിരീകരിച്ച അനൂപ് ഈ വിഷയത്തില്‍ തനിക്ക് പറയാനുള്ളത് ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ളെന്നും വ്യക്തമാക്കിയിരുന്നു.
യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ്  സുപ്രീംകോടതിയിലെ പദവി രാജിവെക്കുന്നതെന്ന് വ്യക്തമാക്കുന്ന സ്റ്റാറ്റസ് സെക്രട്ടറി ജനറലിന്‍െറ കത്തിറങ്ങിയ ശേഷവും പിന്‍വലിക്കാന്‍ അനൂപ് സുരേന്ദ്രനാഥ് തയാറായില്ല. ജൂലൈ 29ന് വൈകീട്ട് നാല് മണിക്കും 30ന് പുലര്‍ച്ചെ അഞ്ച് മണിക്കുമായി പുറപ്പെടുവിച്ച ഉത്തരവുകളും അതിനുപറഞ്ഞ ന്യായീകരണങ്ങളും നീതിന്യായവ്യവസ്ഥയുടെ പിന്മാറ്റമാണെന്നും ഇന്ത്യന്‍ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകളായി അതിനെ എണ്ണുമെന്നും ഓര്‍മിപ്പിച്ച പഴയ സ്റ്റാറ്റസും അനൂപ് പിന്‍വലിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.