മോദി അധികാരമേറ്റശേഷം വര്‍ഗീയ സംഘര്‍ഷം വര്‍ധിച്ചു –ജമാഅത്തെ ഇസ്ലാമി

ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം വര്‍ഗീയസംഘര്‍ഷം വര്‍ധിച്ചതായി ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ നുസ്റത് അലി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 600 വര്‍ഗീയ അക്രമസംഭവങ്ങളാണ് നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 194 കേസുകള്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെയും ബാക്കി മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുമാണ്. തൊട്ടുമുമ്പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 26 ശതമാനം വര്‍ധനവും മരണങ്ങളില്‍ 65 ശതമാനം വര്‍ധനവുമുണ്ട്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനകം 355 വര്‍ഗീയ സംഘര്‍ഷങ്ങളാണുണ്ടായത്; 43 മരണവും. അസമില്‍ 108 മുസ്ലിംകളെ സായുധര്‍ കൊലപ്പെടുത്തിയതിന് പിറകെയാണിത്.
മതവും ജാതിയും തിരിച്ചുള്ള സെന്‍സസ് പുറത്തുവിടണം. പിന്നാക്ക സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയെങ്കിലേ അവരുടെ ഉന്നമനത്തിനുള്ള ആസൂത്രണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂ എന്ന് സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്ത അവസര സമത്വ കമീഷന്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഖിലേന്ത്യ സെക്രട്ടറിമാരായ മുഹമ്മദ് അഹ്മദ്, ശുറാ അംഗം ഇഅ്ജാസ് അസ്ലം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.