വിഭജനത്തിന്റെ ഓർമകളുണർത്താൻ ബി.ജെ.പി അധ്യക്ഷൻ ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ സംഘടിപ്പിച്ച ജാഥ

വിഭജന മുറിവുകളുണർത്തി ബി.ജെ.പി; വിദ്വേഷത്തിനുള്ള ഇന്ധനമാക്കുന്നെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ വിഭജനത്തിന്റെ മുറിവുകൾ ചർച്ചയാക്കി ബി.ജെ.പി. ഓഗസ്റ്റ് 14ന് സ്വാതന്ത്ര്യദിനത്തലേന്ന് 'വിഭജന ഭീകരതാ സ്മൃതി ദിവസ'മായി ബി.ജെ.പി ആചരിച്ചു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന കോൺഗ്രസ് ഏറ്റവും ക്ലേശകരമായ ചരിത്ര സംഭവങ്ങളെ തന്റെ രാഷ്ട്രീയ യുദ്ധങ്ങൾക്കുള്ള വൈക്കോലായി ഉപയോഗിക്കുകയാണ് പ്രധാനമന്ത്രിയെന്ന് കുറ്റപ്പെടുത്തി. വിഭജന ദുരന്തത്തെ വിദ്വേഷത്തിനും മുൻവിധികൾക്കുമുള്ള ഇന്ധനം ആക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.

'ഇന്ത്യയുടെ സാംസ്കാരിക പൈതൃകമോ, നാഗരികതയോ, മൂല്യങ്ങളോ അറിയാത്തവർ നൂറ്റാണ്ടുകളായി ഒന്നിച്ചുകഴിഞ്ഞ ജനങ്ങൾക്കിടയിൽ മൂന്നാഴ്ച കൊണ്ട് അതിർത്തി വരച്ചുണ്ടാക്കി'എന്ന് ട്വീറ്റ് ചെയ്ത് മുഹമ്മദലി ജിന്നയുടെയും പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റുവിന്റെയും ചിത്രങ്ങൾ കവർ ചിത്രമാക്കി ബി.ജെ.പി വിഭജനത്തിന്റെ വീഡിയോ പുറത്തിറക്കി.

വിഭജനത്തിന്റെ ഭീതിജനകമായ വിവരണങ്ങൾക്കിടയിൽ നെഹ്റുവിനെയും ജിന്നയെയും മാറി മാറി കാണിക്കുന്നതാണ് വീഡിയോ. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ജെ.ബി നദ്ദയുടെ നേതൃത്വത്തിൽ കാബിനറ്റ് മന്ത്രിമാർ അടക്കമുള്ള മുതിർന്ന പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അണി നിരത്തി സ്വതന്ത്ര്യദിന​ത്തലേന്ന് തലസ്ഥാന നഗരിയിൽ 'വിഭജന ഭീകരതാ സ്മൃതി ദിവസ ജാഥയും ബി.ജെ.പി നടത്തി.

ഇന്ത്യാ - പാക് വിഭജനത്തിന് നെഹ്റുവിനെ പഴിചാരി ബി.ജെ.പി പുറത്തുവിട്ട വീഡിയോക്ക് പ്രതികരണമായി സവർക്കറിനെയും ശ്യാമ പ്രസാദ് മുഖർജിയെയും വിഭജനത്തിന് കാരണക്കാരാക്കി കോൺഗ്രസും തിരിച്ചടിച്ചു. ഏറ്റവും ക്ലേശകരമായ ചരിത്ര സംഭവങ്ങളെ തന്റെ നിലവിലുള്ള രാഷ്ട്രീയ യുദ്ധങ്ങൾക്കുള്ള വൈക്കോലായി ഉപയോഗിക്കുകയാണ് ഓഗസ്റ്റ് 14ന് പ്രധാനമന്ത്രി 'വിഭജന ഭീകരതാ സ്മൃതി ദിവസമായി ആചരിക്കുന്നതിനുള്ള പിന്നിലെ യഥാർഥ ഉദ്ദേ​ശ്യമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടുകയും പലായനം ചെയ്യേണ്ടി വരികയും ചെയ്തതാണ്. അവരുടെ ത്യാഗങ്ങളെ അവമതിക്കുകയോ വിസ്മരിക്കുകയോ ചെയ്യരുത്. ആധുനിക സവർക്കർമാരും ജിന്നമാരും രാജ്യത്തെ വിഭജിക്കാനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. ദ്വിരാഷ്ട്ര വാദം കൊണ്ടുവന്നത് സവർക്കറാണെന്നും ജിന്ന അത് പൂർണമാക്കുകയാണ് ചെയ്തതെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ശരത് ചന്ദ്ര ബോസിന്റെ അഭിലാഷത്തിനെതിരായി ബംഗാൾ വിഭജനത്തിന് ​വേണ്ടിയിറങ്ങിയ ജനസംഘ് സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയെ പ്രധാനമന്ത്രി ഓർക്കുന്നോ എന്നും ജയറാം രമേശ് ചോദിച്ചു.

വിഭജനം നാം സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യ നിരവധി കഷ്ണങ്ങളായി വിഭജിക്കപ്പെടുമെന്നും പൂർണമായും നശിപ്പിക്കപ്പെടുമെന്നും സർദാർ പട്ടേൽ എഴുതിയതും ജയറാം രമേശ് ഓർമിപ്പിച്ചു. വിദ്വേഷത്തിന്റെ രാഷ്​ട്രീയം പരാജയപ്പെടും. മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും സർദാർ പട്ടേലിന്റെയും പൈതൃകം ഉയർത്തിപ്പിടിച്ച് ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - BJP to observe August 14 as Partition Horrors, Congress Attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.