ബംഗളൂരു: കലബുറഗി ജില്ലയിൽ ഇതര ജാതിക്കാരനായ യുവാവിനെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഫർഹതാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കലബുറഗി താലൂക്കിലെ മേലകുണ്ട ഗ്രാമത്തിലാണ് സംഭവം. പ്രതിയായ ശങ്കർ കൊൽക്കൂർ എന്നയാളെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ ഇയാളെ സഹായിച്ച മറ്റു രണ്ട് പ്രതികളായ ശരണു, ദത്തപ്പ എന്നിവരെ പൊലീസ് തിരയുകയാണ്. സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ: ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള 18 വയസ്സുള്ള കവിത രണ്ടാം വർഷ പ്രീയൂനിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്നു. പഠനത്തിനായി കലബുറഗി നഗരത്തിലേക്ക് പോവുകയായിരുന്ന കവിത, അതേ ഗ്രാമത്തിലെ കുറുബ സമുദായത്തിൽപ്പെട്ട മാലപ്പ പൂജാരി എന്ന യുവാവുമായി പ്രണയത്തിലായിരുന്നു.
നാല് മാസം മുമ്പ്, കവിതയുടെ വീട്ടുകാർ അവളുടെ ബന്ധം കണ്ടെത്തി കോളജിൽ പോവുന്നത് തടഞ്ഞു. ഈ സമയത്ത്, കവിത തന്റെ മാതാപിതാക്കളെ വെല്ലുവിളിച്ചു, താൻ മലപ്പയെ മാത്രമേ വിവാഹം കഴിക്കൂ എന്നും അവർ സമ്മതിച്ചില്ലെങ്കിൽ അവനോടൊപ്പം ഒളിച്ചോടുമെന്നും പറഞ്ഞു.
കവിതയുടെ കുടുംബം അവളെ എതിർക്കുകയും അത്തരമൊരു കടുത്ത നടപടി സ്വീകരിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കവിത ഉറച്ചുനിന്നു, താൻ പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കുമെന്ന് നിർബന്ധിച്ചു. അവളുടെ പിതാവ് ശങ്കറും രണ്ട് ബന്ധുക്കളും ചേർന്ന് അവളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് കീടനാശിനി കഴിച്ച് മരിച്ചുവെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിച്ചു. തുടർന്ന്, മൃതദേഹം ഒരു ബന്ധുവിന്റെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.