ബംഗളൂരു: ‘ഓപറേഷൻ സിന്ദൂറി’ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുമെന്ന് സൂചിപ്പിക്കുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ബംഗളൂരു പൊലീസ് കർശന മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച നടന്ന പ്രതിമാസ പരേഡ് പരിപാടിയിൽ സംസാരിച്ച ബംഗളൂരു പൊലീസ് കമീഷണർ ബി. ദയാനന്ദ് അതിർത്തിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അറിയിച്ചു. നഗരത്തിലുടനീളം സുരക്ഷാ നടപടികൾ നടപ്പിലാക്കാൻ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും അതിർത്തിയിലെ സ്ഥിതിഗതികൾ അറിയാം. അവർ ജാഗ്രതയോടെ പ്രവർത്തിക്കുകയും പൊതുജനങ്ങളുടെ പരിഭ്രാന്തി ശമിപ്പിക്കാൻ സഹായിക്കുകയും വേണം. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണം.
പൊതുജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകണം. ഡെപ്യൂട്ടി പൊലീസ് കമീഷണർ (ഡി.സി.പി), അസിസ്റ്റന്റ് പൊലീസ് കമീഷണർ (എ.സി.പി) റാങ്കിലുള്ള ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. തയാറെടുപ്പ് നടപടികളുടെ ഭാഗമായി മോക്ക് ഡ്രില്ലുകളെക്കുറിച്ച് പൊതുജന അവബോധം വളർത്തണമെന്ന് കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.