വഖഫ് ബോർഡ് വിവാദവുമായി ബന്ധപ്പെട്ട് മാണ്ഡ്യ ശ്രീരംഗപട്ടണയിൽ പ്രതിഷേധക്കാർ ഹൈവേ ഉപരോധിച്ചപ്പോൾ
ബംഗളൂരു: കർണാടക വഖഫ് ബോർഡിന്റെ ഭൂമിയുമായി ബന്ധപ്പെട്ട അവകാശവാദത്തിൽ പ്രതിഷേധിച്ച് ശ്രീരംഗപട്ടണയിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പൂർണം. വാണിജ്യ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും അടച്ചിട്ടു.
ശ്രീരംഗപട്ടണ കുവെമ്പു സർക്കിളിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ വഖഫ് ബോർഡിനെതിരെ പ്രകടനം നടത്തി. പ്രതിഷേധത്തെ തുടർന്ന് മൈസൂരു-ബംഗളൂരു ഹൈവേയിൽ അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. മുൻകരുതൽ നടപടിയെന്നനിലയിൽ ശ്രീരംഗപട്ടണ ജാമിഅ മസ്ജിദിന് ചുറ്റും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ തടയാൻ വൻ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിരുന്നു.
റൈത്ത ഹിതരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത്, ബജ്രങ് ദൾ, കർഷക സംഘടനകൾ, മാണ്ഡ്യ രക്ഷണ വേദികെ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ബന്ദ്. വഖഫ് ബോർഡ് പിൻവലിക്കണമെന്നും കർഷകരുടെ ഭൂമി സംരക്ഷിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
താലൂക്ക് ഓഫിസിലേക്ക് മാർച്ച് ചെയ്ത പ്രതിഷേധക്കാർ കന്നുകാലികളുമായി പഴയ മൈസൂരു-ബംഗളൂരു ഹൈവേ ഉപരോധിച്ച് മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. തുടർന്ന് താലൂക്ക് ഓഫിസിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.