ബംഗളൂരു: ആഘോഷ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കോളജ് വിദ്യാർഥിനിയെ നഗരത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.
എച്ച്.എസ്.ആർ ലേഔട്ടിൽ താമസിക്കുന്ന കൊറിയോഗ്രാഫർ മുരുകേശ്വരൻ ആണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ 20 വർഷമായി ബംഗളൂരുവിൽ കഴിഞ്ഞുവരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ മുൻ കേസുകളൊന്നുമില്ലെന്നും മറ്റു കാര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്നും ഡി.സി.പി സാറ ഫാത്തിമ പറഞ്ഞു. ഞായറാഴ്ച പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. കോറമംഗലയിൽ ശനിയാഴ്ച രാത്രി നടന്ന ആഘോഷ പാർട്ടി കഴിഞ്ഞ് ഹെബ്ബഗൊഡിയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന 21കാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
ബൈക്കിൽ ലിഫ്റ്റ് നൽകിയ യുവാവ് വഴിമധ്യേ എച്ച്.എസ്.ആർ ലേഔട്ടിലെ ഒഴിഞ്ഞയിടത്തെത്തിക്കുകയായിരുന്നു. ഇതോടെ അപകടം മണത്ത യുവതി മൊബൈലിൽ എസ്.ഒ.എസ് സന്ദേശം നൽകി. ഇതു ലഭിച്ച സുഹൃത്തുക്കൾ പെൺകുട്ടി നൽകിയ ലൈവ് ലൊക്കേഷൻ തേടി സംഭവസ്ഥലത്തെത്തിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.
നഗരത്തിലെ കോളജിൽ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ് ഇര. ബലാത്സംഗ കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 64ാം വകുപ്പുപ്രകാരം എച്ച്.എസ്.ആർ ലേഔട്ട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.