representational image
ബംഗളൂരു: ബംഗളൂരുവിൽ സ്ത്രീകൾക്കിടയിൽ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം വർധിക്കുന്നതായി പഠനം. നിംഹാൻസ് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്) നടത്തിയ പഠനത്തിലാണ് സ്ത്രീകൾ സ്ഥിരമായി വായിൽ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായി തെളിഞ്ഞത്. ഇവ മൂലം ആരോഗ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ഇവർക്ക് അറിവുപോലുമില്ല.
ഭൂരിഭാഗം സ്ത്രീകളും പുകയിലയുടെ അമിത ഉപയോഗംമൂലം സങ്കീർണമായ ആരോഗ്യാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.ഇവയുടെ ഉപയോഗം നിർത്താൻ കഴിയാത്ത രൂപത്തിലേക്ക് അടിമകളായും ഭൂരിഭാഗം സ്ത്രീകളും മാറിയതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. സുനിത ടി. ശ്രീനിവാസനാണ് പഠനത്തിന് നേതൃത്വം നൽകിയത്.ജർമൻ -ബ്രിട്ടീഷ് പഠനപ്രസിദ്ധീകരണമായ ‘സ്പ്രിംഗർ നേച്ചർ’ നിംഹാൻസിന്‍റെ പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തങ്ങൾക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ഇവർക്ക് ഒരു തരത്തിലുള്ള അറിവുമില്ല. അർബുദംപോലുള്ള ഗുരുതരരോഗങ്ങൾക്ക് കാരണമാകുമെങ്കിലും തങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. പാക്കുകളിൽ വാങ്ങുന്ന പുകയില ഉൽപന്നങ്ങൾ കൈകളിലും മറ്റുമിട്ട് തിരുമ്മുകയോ കഴുകുകയോ ഉണക്കുകയോ ചെയ്താൽ ഇവയുടെ ദോഷഫലങ്ങൾ ഇല്ലാതാവുമെന്നും വയറിലെ പ്രശ്നങ്ങൾക്ക് നല്ലതാണെന്നും വരെ ചിലർ വിശ്വസിക്കുന്നുമുണ്ട്.
മിക്ക ആളുകളും സമ്മർദങ്ങളിൽനിന്ന് രക്ഷതേടിയാണ് ഇവ ഉപയോഗിക്കുന്നത്. പുകയില ഉപയോഗിക്കുന്നവരിൽ 90 ശതമാനവും മദ്യം ഉപയോഗിക്കുന്നവരിൽ 70 ശതമാനവും മാനസിക സമ്മർദങ്ങളിൽനിന്ന് ആശ്വാസം തേടിയാണ് ഇവ കഴിക്കുന്നത്.
കുടുംബപ്രശ്നങ്ങൾ, ദാരിദ്ര്യം തുടങ്ങിയവ ഇവ കഴിക്കുന്നതോടെ മറക്കാനാകുമെന്നും ഇവർ പറയുന്നു. ഈ ദുഃസ്വഭാവം ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും തലവേദന, വിശപ്പ് പോലുള്ളവ ഉണ്ടാകുന്നതിനാൽ വീണ്ടും തുടർന്നു. ചിലയാളുകളാകട്ടെ സമയം കളയാനാണ് ഉപയോഗം തുടങ്ങിയത്. ശുചീകരണജോലി ചെയ്യുന്ന സ്ത്രീകളാകട്ടെ ഇവ ഉപയോഗിക്കുന്നതോടെ മാലിന്യത്തിന്‍റെ ഗന്ധത്തിൽനിന്ന് ആശ്വാസം ലഭിക്കുന്നുവെന്നും പറയുന്നു.
പഠനത്തിന് നേതൃത്വം നൽകിയവർ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലമുള്ള വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും സർവേയുടെ ഫലങ്ങൾ അടങ്ങിയതുമായ ഹ്രസ്വ വിഡിയോയും തയാറാക്കിയിരുന്നു. ഇവ സ്ത്രീകൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇത്തരത്തിൽ 104 സ്ത്രീകൾക്ക് വിഡിയോ കാണിച്ചു. ഇടവേളക്കുശേഷം ഇവരെ വീണ്ടും സമീപിച്ചപ്പോൾ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം കുറഞ്ഞുവെന്ന് കണ്ടെത്തി. എന്നാൽ, പൂർണമായും ഉപയോഗം നിർത്തിയിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നൽകിയ സുനിത ടി. ശ്രീനിവാസൻ പറയുന്നു.
ആകെയുള്ളവരിൽ 82.6 ശതമാനവും കഡ്ഡിപുഡി, തമ്പാക്ക് പോലുള്ള പുകയില ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നത്.17.4 ശതമാനം സ്ത്രീകൾ മദ്യം ഉപയോഗിക്കുന്നുണ്ട്. ഇവ രണ്ടുംകൂടി ഉപയോഗിക്കുന്നവർ വിദ്യാഭ്യാസം ഇല്ലാത്തവരും പ്രായംകൂടിയവരും വിവാഹിതരുമാണെന്നും പഠനം പറയുന്നു. 92 ശതമാനം ആളുകളും ഇതുമൂലം ഗുരുതര ആരോഗ്യപ്രശ്നം ഉള്ളവരാണ്.മദ്യം ഉപയോഗിക്കുന്നവരിൽ 67.5 ശതമാനമാണ് ഗുരുതര സ്ഥിതിയിലുള്ളവർ. ഇവർ ഉടനടി ഇവയുടെ ഉപയോഗം നിർത്തേണ്ട അവസ്ഥയിലാണ്.
ബംഗളൂരു റൂറൽ, അർബൻ എന്നീ മേഖലകളിലെ 2044 സ്ത്രീകളിലാണ് നിംഹാൻസ് സർവേ നടത്തിയത്. ഇവരിൽ പകുതിയും ജോലിക്കാരാണ്. സാധാരണ രൂപത്തിലുള്ള ഉദ്യോഗം ചെയ്യുന്നവരും തൊഴിലാളികളും കൂട്ടത്തിലുണ്ട്. ഭൂരിഭാഗവും വിവാഹിതരും വിദ്യാഭ്യാസമുള്ളവരുമാണ്.
ഇവരിൽ മൂന്നിൽ ഒരു വിഭാഗം അതായത്, 32.7 ശതമാനം പേർ പുകയില ഉൽപന്നങ്ങൾക്ക് അടിമകളാണ്. ഗ്രാമീണ മേഖലയിലുള്ളവർ നഗരപ്രദേശങ്ങളിലുള്ളവരേക്കാൾ കൂടുതൽ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഉപയോഗിക്കുന്നവർ 39.5 ശതമാനവും നഗരങ്ങളിൽ ഇത് 29.3 ശതമാനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.