കാനറ ബാങ്കിൽനിന്ന് 53.26 കോടിയുടെ സ്വർണം തട്ടിയെടുത്ത കേസിൽ മാനേജർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ബംഗളൂരു: കാനറ ബാങ്ക് മണഗുളി ശാഖയിൽനിന്ന് 53.26 കോടി രൂപയുടെ സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. മാനേജർ വിജയകുമാർ മിരിയാല (41), കൂട്ടാളികളായ ചന്ദ്രശേഖർ നെരെല്ല (38), സുനിൽ നരസിംഹലു മോക്ക (40) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 25ന് വിജയപുര ജില്ലയിലെ ബസവനബാഗേവാഡി താലൂക്കിലെ കാനറ ബാങ്കിന്റെ മണഗുളി ശാഖയിലാണ് കവർച്ച നടന്നത്. മിരിയാല മുമ്പ് ബ്രാഞ്ച് മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന ബാങ്കിലെ ലോക്കറിൽ നിന്ന് 53.26 കോടി രൂപ വിലമതിക്കുന്ന 58.97 കിലോഗ്രാം സ്വർണാഭരണങ്ങളും 5.2 ലക്ഷം രൂപ പണവും മോഷ്ടിക്കപ്പെട്ടതായി വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി പറഞ്ഞു. പ്രതികൾ ബാങ്ക് കൊള്ളയടിക്കാൻ ആസൂത്രിതമായി ഗൂഢാലോചന നടത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് അവർ കവർച്ച ആസൂത്രണം ചെയ്തത്, എന്നാൽ സംശയം ഒഴിവാക്കാൻ മിരിയാലയെ മനാഗുളി ബ്രാഞ്ചിൽ നിന്ന് സ്ഥലം മാറ്റുന്നതുവരെ കാത്തിരുന്നു.

മെയ് ഒമ്പതിന് വിജയപുര ജില്ലയിലെ റോണിഹാൽ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതിനെത്തുടർന്ന് മിരിയാല ബാങ്കിന്റെ സേഫ് ഡെപ്പോസിറ്റ് ലോക്കറുകളുടെ താക്കോലുകൾ തന്റെ കൂട്ടാളികൾക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ ഉപയോഗിച്ചാണ് മൂവരും കവർച്ച നടത്തിയത്. പുറത്തുനിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും സംഘം ശ്രമം നടത്തിയിരുന്നു.

ഇവരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകളും വാഹനങ്ങളിൽ കടത്തുകയായിരുന്ന 10.75 കോടി രൂപ വിലമതിക്കുന്ന 10.5 കിലോ സ്വർണവും പൊലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച ബാക്കി സ്വർണവും പണവും കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags:    
News Summary - Three people, including the manager, arrested in Canara Bank fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.